കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ച: ഉമ്മന്‍ ചാണ്ടി

single-img
1 November 2020

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ ഗവേര്‍ണന്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഭരണ മികവിന്റെ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സംഘടന ഗവേര്‍ണന്‍സ് ഇന്‍ഡക്‌സിനു തുടക്കമിട്ട 2016 മുതല്‍ 2019 വരെയുള്ള തുടര്‍ച്ചയായ നാല് റിപ്പോര്‍ട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയതെന്നും ഉമ്മന്‍ ചാണ്ടി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള 2015ലെ ഡേറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. അതായത് യുഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനിര്‍ത്തി.

സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം, ഭരണസുതാര്യത തുടങ്ങിയ 10 വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത്. മലയാളിയായ ഡോ സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടൊപ്പം തന്നെ പൊതുജനസേവനത്തിനുള്ള യുഎന്‍ അവാര്‍ഡ് ജനസമ്പര്‍ക്ക പരിപാടിക്ക്- 2013, മികച്ച സംസ്ഥാനത്തിനുള്ള ഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ്- 2012, ഇന്ത്യ ടുഡെയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാര്‍ഡ്- 2013, കേന്ദ്രസര്‍ക്കാരിന്റെ അധികാര വികേന്ദ്രീകരണ- ജനാധിപത്യ ശാക്തീകരണത്തിനുള്ള അവാര്‍ഡ്- 2014, ദേശീയ ഊര്‍ജ അവാര്‍ഡ് 2012 മുതല്‍ തുടര്‍ച്ചയായി കേരളത്തിന്, ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യൂളിസസ് അവാര്‍ഡ് കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക്, ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം 7000 കേന്ദ്രങ്ങളില്‍ 1.52 കോടി ആളുകള്‍ പങ്കെടുത്ത റണ്‍ കേരള റണ്‍ പരിപാടി ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍- 2015 എന്നിവ യുഡിഎഫ് സര്‍ക്കാര്‍ നേടിയ മറ്റു ചില പുരസ്‌കാരങ്ങള്‍ ആണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.