മലിനജലം പുറത്തുവിടുന്നതിൽ തര്‍ക്കം; അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

single-img
30 October 2020

മാലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയാണ് പെൺകുട്ടിയെ കുത്തിയത്.

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ വീട്ടുകാരും ഉമേഷ് ബാബുവിന്റെ വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഉമേഷിന്റെ വീട്ടിൽനിന്ന് സ്ഥിരമായി മലിനജലം ഒഴുക്കിവിടുക പതിവായിരുന്നു. ഇതിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ആദ്യം അഭിരാമിയുടെ അമ്മയ്ക്കാണ് കുത്തേറ്റത്. പിന്നീട് തടസ്സം പിടിക്കാൻ ചെന്ന അഭിരാമിക്കും കുത്തേൽക്കുകയായിരുന്നു. അഭിരാമിക്കു വയറ്റിലും അമ്മയ്ക്ക് കഴുത്തിനുമാണ് കുത്തേറ്റത്. സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് അഭിരാമി മരിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിയുടെ അമ്മയ്ക്കും ആക്രമണത്തിൽ സാരമായ പരിക്കേറ്റതായി ദൃക്സാക്ഷികളായ അയൽക്കാർ പറഞ്ഞു.

ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റിഡിയിൽ എടുത്ത ഇയാളിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമേഷ് ബാബുവിന്റെ കുടുംബാംഗങ്ങളായ രണ്ട് സ്ത്രീകളെ കൂടി പ്രതികളാക്കി കൊണ്ടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി.

റോഡിലേക്കുള്ള ഓവിലൂടെ മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കിവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിർവശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവർക്കായിരുന്നു. പല തവണ അഭിരാമിയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു.