യുപിയില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷ ഭാഗമായി വെടിവയ്പ്; വെടിയേറ്റത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്

single-img
27 October 2020

യുപിയിലെ മഹാകാൽപൂരിൽ ബി.ജെ.പി നേതാവ് സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ ആഘോഷത്തിന്റെ ഭാഗമായി വെടിവയ്പ് നടത്തി. എന്നാൽ വെടിയേറ്റത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകനാണ്. ഇതിനെ തുടർന്ന് പരിക്കേറ്റ് സ്റ്റേജിൽ നിന്നും ഇറങ്ങിയോടുന്ന ഗായകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.തന്റെ മകന്റെ പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദൂബേ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പാർട്ടിയ്ക്കിടെയാണ് ഈ അബദ്ധം സംഭവിച്ചത് .

പ്രശസ്തനായ ഭോജ്പുരി ഗായകൻ ഗോലു രാജയ്ക്കാണ് അബദ്ധത്തിൽ വെടിയേറ്റത്. ഇദ്ദേഹം പാടുന്നതിനിടെ സ്റ്റേജിൽ രണ്ട് സ്ത്രീകൾ നൃത്തം ചെയ്യുന്നതും കാണാം. ഈ സമയം ആഘോഷത്തിൽ പങ്കെടുത്തിരുന്ന ചിലർ തോക്കുകൾ പുറത്തെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു.

അപ്പോൾ ഗോലു രാജയുടെ വയറിനും കൈക്കുമാണ് വെടിയേറ്റത്.പരിക്കേറ്റ ഇയാളെ വാരണാസിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.