ദളിതൻ്റെ ആട് സവർണ്ണൻ്റെ പറമ്പിൽ കയറിയ കുറ്റത്തിന് ദളിതന് മർദ്ദനം: തിരിച്ചടിച്ച ദളിതനെക്കൊണ്ട് മാപ്പ് പറയിച്ച് സവർണ്ണ ജനക്കൂട്ടം

single-img
14 October 2020

ഉയര്‍ന്ന ജാതിക്കാരൻ്റെ പറമ്പില്‍ ആട് കയറിയതിൻ്റെ പേരില്‍ ദലിതനെ കാലുപിടിച്ചു മാപ്പ് പറയിപ്പിച്ചു. ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോള്‍ രാജ് എന്ന വ്യക്തി വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതായിരുന്നു കുറ്റം.  സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 

ആടിനെ കെട്ടിയ കയര്‍ അഴിഞ്ഞുപോയതോടെയാണ് ആട് ഇവരുടെ പറമ്പിലേക്ക് എത്തിയത്. എന്നാല്‍ പോള്‍ രാജും സങ്കിലി തേവരും തമ്മില്‍ ഇതിൻ്റെ പേരില്‍ വാക്കു തര്‍ക്കമുണ്ടായി. പിന്നാലെ തൻ്റെ ആളുകളേയും കൂട്ടി പോയി സിങ്കിലി തേവര്‍ പോള്‍ രാജിനെ മര്‍ദിച്ചു. ഈ സമയം പോള്‍ രാജും തിരിച്ച് അടിച്ചു. ദലിതനായ പോള്‍ രാജ് മര്‍ദിച്ചത് തേവര്‍ സമുദായത്തിന് അപമാനമായെന്ന് കൂടി നിന്നവർ  പറഞ്ഞാണ് പോള്‍ രാജിനെ കൊണ്ട് കാലില്‍ വീണ് മാപ്പ് പറയിപ്പിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തേവര്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ തന്നെ ഇതിന്റെ വീഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോള്‍ രാജ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സിങ്കിലി തേവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായത്.