ഇടവേള ബാബു അറിയാൻ, അശ്വതി നമ്പ്യാർ മരിച്ചിട്ടില്ല

single-img
13 October 2020

എഎംഎംഎ നിർമിക്കുന്ന പുതിയ സിനിമയിൽ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ജനറൽ സെക്രട്ടറി ഇടവേള ബാബു നൽകിയ മറുപടിയെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിക്കുന്നില്ല. ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്ത് രാജിക്കത്തു സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുകയായിരുന്നു. 

എഎംഎംഎ നിർമിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കിൽ, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നൽകിയ മറുപടിയിൽ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവിൽ വിവാദം ഉയർന്നിരിക്കുന്നത്. എന്നാൽ, പാർവതി തൻ്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ബാബു പറയുന്നത്.

‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ഇങ്ങനെയാണ് ബാബു ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

എന്നാൽ ഈ പ്രസ്താവനയും വിവാദമായി മാറുകയായിരുന്നു. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 സിനിമയിൽ കഥാപാത്രമായ അശ്വതി നമ്പ്യാർ മരിച്ചതായി കാണിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. മമ്മൂട്ടി അവതരിപ്പിച്ച അഡ്വ. രമേശ് നമ്പ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടർന്നു ജീവച്ഛവമായി കിടക്കുന്നതും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുമാണ് ചിത്രം നൽകുന്നത് എന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ചിട്ടും സിനിമയുടെ കഥ പോലും അറിയാത്ത വ്യക്തിയാണ് ഇടവേളബാബു എന്നാണ് സമുഹമാധ്യമങ്ങളിലൂടെ പലരും പരിഹസിക്കുന്നതും.

സിനിമാ കഥാപാത്രമായ അശ്വതി നമ്പ്യാർ മരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട സ്ഥിതിക്ക് അവരുടെ ജീവൻ അപകടപ്പെടുത്താനും വ്യാജമരണം സ്ഥിരീകരിക്കാനും സാധ്യതയുണ്ട്. ജാഗ്രതൈ!

Posted by GP Ramachandran on Monday, October 12, 2020