15 ലക്ഷം തൊഴിലാളികൾ ഇളകി, വിറച്ച് യോഗി സർക്കാർ: വെെദ്യുതി ബോർഡ് സ്വകാര്യ വത്കരിക്കുവാനുള്ള തീരുമാനം മാറ്റി

single-img
8 October 2020

ജീവനക്കാരുടെ എതിർപ്പിനിടയിലും വെെദ്യുതി ബോർഡ് സ്വകാര്യ വത്കരിക്കുവാനുള്ള നീക്കം പണിമുടക്കിനെ തുടർന്ന് യുപി സർക്കാർ ഉപേക്ഷിച്ചു. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒരു ദിവസം മുഴുവന്‍ പണിമുടക്കിയതിനെ തുടർന്നാണ് പൂര്‍വ്വാഞ്ചല്‍ വൈദ്യൂതി വിതരണ കോര്‍പ്പറേഷന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം യോഗി ആദിത്യനാഥ് ഉപേക്ഷിച്ചത്. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വിദ്യുത് കര്‍മാചാരി സംയുക്ത് സംഘര്‍ഷ് സമിതിയായിരുന്നു തിങ്കളാഴ്ച സമരവുമായി എത്തിയത്. 

ദേശീയമായി വൈദ്യുതി വിതരണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഉത്തര്‍ പ്രദേശ് സര്‍ക്കാരും വൈദ്യുതി വിതരണ കോര്‍പ്പറേഷനെ വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇൗ നീക്കത്തിനെതിരേ യുപിയില്‍ പണിമുടക്കുമായി രംഗത്തു വന്നത് 15 ലക്ഷം ജീവനക്കാരായിരുന്നു.പണിമുടക്കിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും വൈദ്യൂതി വിതരണം തടസ്സപ്പെട്ടു. അത്യാവശ്യ മേഖലകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയായിരുന്നു സമരം. ഇതോടെ പിറ്റേന്ന് സര്‍ക്കാര്‍ യൂണിയനെ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിക്കുകയും സ്വകാര്യവല്‍ക്കരണം മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള അഞ്ചു കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്യുകയായിരുന്നു. 

അതേസമയം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തീരുമാനം എടുക്കൽ മൂന്ന് മാസത്തേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ജനുവരി 15 ന് തീരുമാനത്തില്‍ പുന:പരിശോധന നടത്തമെന്നും യുപി സർക്കാർ അറിയിച്ചു. 

പണിമുടക്ക് സമരം പൂര്‍വ്വാഞ്ചല്‍ മേഖലയെ രൂക്ഷമായി ബാധിച്ചു. ബനാറസിലും അലഹാബാദിലും വൈദ്യൂതി പ്രശ്‌നം ഉണ്ടായി. 36 മണിക്കൂറോളമാണ് തങ്ങളുടെ നഗരത്തില്‍ വൈദ്യുതി മുടങ്ങിയതെന്നാണ് പലരും സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചത്.ഗൊരഖ്പൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യൂതി ഇല്ലായിരുന്നു. ചിലയിടങ്ങളില്‍ സമരക്കാര്‍ പ്രതിഷേധറാലിയും നടത്തിയതായി വിവരമുണ്ട്. ജീവനക്കാര്‍ ഒരു ദിവസം പൂര്‍ണ്ണമായും പണി മുടക്കിയപ്പോള്‍ സബ് സ്‌റ്റേഷനുകളില്‍ അക്കൗണ്ടന്റുകള്‍ക്ക് മറ്റു ജോലി കൂടി ചെയ്യേണ്ടി വന്നു.

അതേസമയം പണിമുടക്കിനെ  തുടര്‍ന്നു പലയിടത്തും എഞ്ചിനീയര്‍മാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. സമരം വന്‍ ശ്രദ്ധയാണ് നേടിയത്. അനേകരാണ് സര്‍ക്കാരിൻ്റെ നീക്കത്തെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.