അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല; 2017 നു ശേഷമുള്ള എല്ലാ റിപ്പോർട്ടുകളും വെബ്‌സൈറ്റില്‍നിന്ന് നീക്കി പ്രതിരോധ മന്ത്രാലയം

single-img
8 October 2020

2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല. എന്നാല്‍ പഴയ റിപ്പോര്‍ട്ടുകള്‍ അധികം താമസിയാതെ ഒക്ടാേബറില്‍ തന്നെ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 2017-ലെ ദോക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രതിരോധമന്ത്രാലയം വെബ്സൈറ്റില്‍നിന്ന് ഒഴിവാക്കി.

ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു . ‘യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്’ മേയ് 17, 18 തീയതികളില്‍ കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചെന്ന് തുടങ്ങിയ പല കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാആണ് പദ്ധതിയെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.