ഓൾ സ്റ്റാർ മൂവി ഉടൻ; പുതിയ സിനിമ ട്വന്റി ട്വന്റി മാതൃകയിൽ

single-img
7 October 2020

ട്വന്റി ട്വന്റി എന്ന ഓൾ സ്റ്റാർ സിനിമ ഇറങ്ങി വർഷങ്ങൾക്കിപ്പുറം പ്രധാന താരങ്ങളെല്ലാം വീണ്ടും ഒരുമിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു അറിയിച്ചതാണ് ഇക്കാര്യം.

ട്വന്റി ട്വന്റി മാതൃകയിൽ പുതിയൊരു സിനിമ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ചിത്രം നിർമ്മിക്കാനുള്ള ആദ്യഘട്ട ആലോചനകൾ നടന്നു വരുന്നു.- ഇടവേള ബാബു പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, ഗോപിക, ഭാവന തുടങ്ങി മലയാള സിനിമയിലെ മിക്ക താരങ്ങളും അണിനിരന്ന സിനിമയായിരുന്നു ട്വന്റി ട്വന്റി.

ഈ വർഷം ‘അമ്മ’യുടെ നേതൃത്വത്തിൽ ഒരു സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്ധ്യത ഇല്ല. അതുകൊണ്ടാണ് ഓൾ സ്റ്റാർ മൂവിയെക്കുറിച്ച് ആലോചിക്കുന്നത്. ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാൻ വേണ്ട ഒരു പ്രോജക്ട് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണയായിരുന്നു, അദ്ദേഹം വ്യക്തമാക്കി.

‘അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെകിൽ അത് ഒടിടി പ്ലാറ്റ്‌ഫോമിൽ വിൽക്കാൻ കഴിയും.’- അദ്ദേഹം പറഞ്ഞു.

സംവിധായകൻ ടികെ രാജീവ് കുമാറിന്റെ കൈയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരിക്കാൻ പറ്റിയ ഒരു കഥയുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നതായി ഇടവേള ബാബു വെളിപ്പെടുത്തി. എല്ലാവരും കൂടി കഥ കേൾക്കാൻ ഉള്ള ഒരുക്കത്തിലാണ്. വൈകാതെ ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.