അറിയപ്പെടുന്നത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന പേരില്‍; ഇവന്‍- ‘മഗാവ’ ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ നേടിയ എലി

single-img
4 October 2020

മനുഷ്യരുടെ ജീവിതത്തിൽ മ‍ൃഗങ്ങളുടെ സ്വാധീനം, മൃഗങ്ങളെ മനുഷ്യര്‍ എങ്ങനെ കരുതണം എന്നൊക്കെ തങ്ങളുടെ പ്രവർത്തനങ്ങളാൽ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയാണ് പിഡിഎസ്എ.ഇപ്പോൾ ഇതാ ഈ സംഘടന മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ ഈ വര്‍ഷം ലഭിച്ചത് കമ്പോഡിയക്കാരുടെ രക്ഷകന്‍ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മഗാവ എന്ന എലിക്കാണ്. വെറുതെയൊന്നുമല്ല ഈ നേട്ടം ഇവൻ സ്വന്തമാക്കിയത്.

മുൻ കാലഘട്ടത്തിൽ വര്‍ഷങ്ങള്‍ നീണ്ട യുദ്ധകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും കമ്പോഡിയയുടെ പലഭാഗങ്ങളിലും ലക്ഷക്കണക്കിന് കുഴിബോംബുകൾ ആണ് കിടക്കുന്നത്. ഇവയുടെ മീതെ ഭയപ്പാടോടെയാണ് ഈ ജനതയുടെ ജീവിതം. ഭൂരിപക്ഷവും കൃഷി ഉപ‍ജീവനമാക്കിയ ജനതയാണ് കംബോഡിയക്കാർ. പലപ്പോഴും കൃഷി ചെയ്യാൻ നിലം ഒരുക്കുമ്പോഴാണ് ഇവിടെ കുഴിബോംബുകള്‍ പൊട്ടാറുള്ളത്.

ഇത്തരത്തിൽ ഉണ്ടാകുന്ന അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്. ഏകദേശം അരലക്ഷത്തോളം ആളുകൾ ഭിന്നശേഷിക്കാരായി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി ഇപ്പോഴും കഴിയുന്നു. ഈ സാഹചര്യത്തിലാണ് രക്ഷകനായി മഗാവ വരുന്നത്. മണ്ണിന്റെ അടിയിലുള്ള കുഴിബോംബിന്റെ സാന്നിധ്യം മണത്തുകണ്ടുപിടിക്കാന്‍ അസാമാന്യ കഴിവുള്ള മഗാവയെ ഒരു സന്നദ്ധസംഘടനയാണ് കമ്പോഡിയയില്‍ എത്തിക്കുന്നത്.

കംബോഡിയയിൽ കഴിഞ്ഞ ഏഴുവര്‍ഷത്തെ സേവനത്തിനിടെ ഇതേവരെ 1,41,000 SQ.മീറ്റർ ദൂരം മഗാവ മണംപിടിച്ച് സുരക്ഷിതമാക്കി കഴിഞ്ഞു. അത്യസാധാരണമായ ഈ ധീരസേവനത്തിനാണ് പിഡിഎസ്എ എന്ന സംഘടന സ്വര്‍ണമെഡല്‍ നല്‍കി മഗാവയെ ആദരിച്ചത്.

ഏഴ് വർഷങ്ങൾക്ക് മുൻപാണ് എപിഒപിഒ എന്ന സന്നദ്ധസംഘടയുടെ ശ്രമഫലമായി ടാൻസാനിയയിൽ നിന്നും ഈ എലി സംഘത്തെ കംബോഡിയയിൽ എത്തിച്ചത്. കംബോഡിയയുടെ ഉൾഗ്രാമങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ദേഹത്ത് ഒരു ബെൽറ്റുമിട്ട ഈ എലിക്കൂട്ടവുമായി നടക്കുകയാണ് ഇതിന്റെ ചുമതല വഹിക്കുന്നവർ. മണം പിടിക്കുന്നതിലൂടെ എലികൾ നൽകുന്ന സൂചനയുടെ മാത്രം ബലത്തിലാണ് അവയുടെ സംരക്ഷകരും ബോംബ് സ്ക്വാഡ് അംഗങ്ങളും ഓരോ പ്രദേശത്തേക്കും യാത്ര ചെയ്യുന്നത്.

ഇവയെ ഒരിടത്തേക്ക് തുറന്നുവിട്ടാൽ അവിടം ഇവ മണത്തുനടക്കും. എങ്ങാനും ബോംബ് കണ്ടെത്തിയാൽ അവിടെ തന്നെ നിൽക്കും, അതിന് ശേഷം കാലുകൊണ്ട് അൽപം തുരന്നിടും. ഇതോടുകൂടി ബോംബ്സ്ക്വാഡ് എത്തി അത് നിർവീര്യമാക്കുകയാണ് പതിവ്.