എംഎയ്ക്ക് പഠിക്കുമ്പോൾ തൻ്റെ ഹോസ്റ്റൽ ഫീസ് അടച്ചത് സഹപാഠിയായ മോദി, 400 ചോദിച്ചപ്പോൾ 800 നൽകി: വെളിപ്പെടുത്തലുമായി മോദിയുടെ മണിപ്പൂർ സുഹൃത്ത്

single-img
3 October 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിദ്യാഭ്യാസവുദമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നത് നിരവധി തവണയാണ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർക്കിഫിക്കറ്റുകൾ നൽകാൻ സ്ഥാപനങ്ങൾ തയ്യാറാകാത്തതും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോഴിതാ മണിപ്പൂരിലെ തൗബാല്‍ ജില്ലക്കാരനായ ഒക്‌റാം സിംഗാജിത്ത് സിംഗ് മോദിയുടെ വിദ്യാഭ്യാസവുദമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. ഗുജറാത്തിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ സാമ്പത്തീക പ്രതിസന്ധിയില്‍ ഹോസ്റ്റല്‍ ഫീസും യുണിവേഴ്‌സിറ്റി ഫീസും കടം നല്‍കി സഹായിച്ചിരുന്നത് അടുത്ത സുഹൃത്തായിരുന്ന മോദിയാണെന്നാണ് ഒക്‌റാമിൻ്റെ വെളിപ്പെടുത്തൽ. ടെെംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.   

ഗുജറാത്ത് സര്‍വകലാശാലയില്‍ നരേന്ദ്രമോദിക്കൊപ്പം എംഎയ്ക്ക് പഠിച്ചിരുന്ന വ്യക്തിയാണ് താനെന്നാണ് ഒക്റാം അവകാശപ്പെടുന്നത്. എല്ലാ മാസവും ഹോസ്റ്റല്‍ഫീസിനും യൂണിവേഴ്‌സിറ്റി ഫീസിനുമായി 250 രൂപ മണിപ്പൂരില്‍ നിന്നും ഗുജറാത്തിലേക്ക് മൂത്ത സഹോദരന്‍ അയച്ചുതരാറുണ്ട്. എന്നാല്‍ ഒരിക്കല്‍ അദ്ദേഹത്തിന് അസുഖം ബാധിച്ചത് മൂലം രണ്ടു മാസത്തോളം ആശുപത്രിയില്‍ ആയി പണം അയയ്ക്കാന്‍ കഴിഞ്ഞില്ല. അതേസമയം  ഹോസ്റ്റല്‍ വാര്‍ഡന്‍ ഫീസ് അടക്കാൻ നിർബന്ധിക്കുമായിരുന്നു. 

പണമില്ലാത്തതിനാല്‍ ഒക്‌റാം ഏറെ വിഷമിച്ചു. മണിപ്പൂരി സുഹൃത്തുക്കളോടും ചോദിച്ചെങ്കിലും അവരും കൈമലര്‍ത്തി. അപ്പോഴായിരുന്നു മുകളിലത്തെ നിലയില്‍ നരേന്ദ്രമോദി നില്‍ക്കുന്നത് കണ്ടത്. മറ്റൊരു വഴിയുമില്ലാതെ അദ്ദേഹത്തോട് കടം ചോദിച്ചു. വീട്ടിലേക്ക് വരാനായിരുന്നു നരേന്ദ്രമോദി പറഞ്ഞത്. മണിപ്പൂരുകാരനായ താന്‍ മോദിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അസാധാരണ വരവേല്‍പ്പാണ് മോദിയുടെ അമ്മ നല്‍കിയതെന്നും ഒക്‌റാം ഓര്‍ത്തു പറയുന്നു. 

മോദിയോട് അന്ന് 400 രൂപയാണ് ഒക്‌റാം കടം ചോദിച്ചത്.  എന്നാൽ മോദി നല്‍കിയത് 800 രൂപയാണ്. നരേന്ദ്രമോദി നിര്‍ബ്ബന്ധിച്ചെങ്കിലും ഒടുവില്‍ താന്‍ അതില്‍ നിന്നും 600 രൂപ വാങ്ങിയെന്നും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും പണം വന്നപ്പോൾ  തിരിച്ചുനൽകാൻ ചെന്നുവെങ്കിലും മോദി ആ പണം വാങ്ങിയില്ലെന്നും ഒക്റാം പറയുന്നു. 

ഒരു കൂട്ടുകാരന്‍ മറ്റൊരു കൂട്ടുകാരന് ചെയ്ത സഹായമാണെന്നായിരുന്നു മറുപടി. എന്നിരുന്നാലും ഒടുവില്‍ സിംഗ്ജിത് ഒരു വിധത്തില്‍ ആ പണം മോദിയ്ക്കു തിരിച്ചു കൊടുത്തു. നരേന്ദ്രമോദി ദയാലുവും അതിവേഗം പഠിക്കുന്നയാളും ആണെന്നാണ് ഒക്റാം പറഞ്ഞത്. എന്നാൽ തിരക്കേറിയ ആര്‍എസ്എസ് പരിപാടികള്‍ മൂലം അദ്ദേഹം പതിവായി ക്ലാസ്സില്‍ എത്തുമായിരുന്നില്ല. തൻ്റെ  നോട്ടുകളാണ് അദ്ദേഹം വാങ്ങി പഠിക്കുന്നത്. 

ക്ലാസ്സില്‍ കയറാതിരുന്നിട്ടും മറ്റൊരാളുടെ നോട്ടുകള്‍ വാങ്ങി പഠിച്ചിട്ടും എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളിലും തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അദ്ദേഹം വാങ്ങിയിരുന്നുവെന്നു, ഒക്റാം ഓർത്തെടുക്കുന്നു.  കൂടുതല്‍ സമയവും മോദി ധരിച്ചിരുന്നത് കൈത്തറി വസ്ത്രങ്ങളായിരുന്നുവെന്നും ഒരു ബാഗും എപ്പോഴും കൂടെയുണ്ടാവുമെന്നും അദ്ദമഹം പറയുന്നു. രണ്ടുപേരും 1983 ല്‍ എംഎ പാസ്സായ ശേഷം പിരിയുഒകയായിരുന്നു. 1983 ല്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി താന്‍ മണിപ്പൂരില്‍ തിരിച്ചെത്തുകയും മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകനാകുകയും ചെയ്തു.അതിനുശേഷം കാഞ്ചീപുര്‍ കോളേജില്‍ പത്തു വര്‍ഷത്തോളം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു വിരമിച്ചു. ഒക്റാം ഇപ്പോൾ മണിപ്പൂരിലെ ആര്‍എസ്എസ് അംഗമാണ്. തൗബാലിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാലുമാണ്. 

1983 ല്‍ പിരിഞ്ഞ ശേഷം ഇരുവരും ആദ്യമായി വീണ്ടും കണ്ടുമുട്ടിയത് 2015 മെയ് 6 നായിരുന്നു. മരുമകന്‍ എന്‍ കെന്നഡി ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോദിയെ കാണാന്‍ ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെ ചേംബറില്‍ എത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കാട്ടിയപ്പോള്‍ മോദി പഴയ സുഹൃത്തിനെ ഓര്‍മ്മിച്ചുവെന്നും പത്തുമിനിറ്റത്തെ കൂടിക്കാഴ്ചയില്‍ ഒരുമിച്ച് ചായ കുടിക്കുകയും ഫോട്ടോയെടുക്കുകയും പഴയ യൂണിവേഴ്‌സിറ്റി ദിനങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്തുവെന്നും ഒക്റാം പറയുന്നു.