മോദിയുടെ സർക്കാർ ഇസ്ലാംവിരുദ്ധത വളർത്തുണ്ടെന്നും 20 കോടി മുസ്ലിങ്ങൾ ഭീഷണിയിലാണെന്നും ഇമ്രാൻ ഖാൻ

single-img
26 September 2020

ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യക്കെതിരെ രൂക്ഷ പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദി നയിക്കുന്ന കേന്ദ്രസർക്കാർ ഇസ്ലാംവിരുദ്ധത വളർത്തുകയാണെന്നു ഇമ്രാൻ ഖാൻ ആരോപിച്ചു. പൊതുസഭയിൽ വെള്ളിയാഴ്ച്ച നടത്തിയ അഭിസംബോധനയിലാണ് ഇമ്രാൻ ഖാൻ മോദി സർക്കാരിൻ്റെ നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും 20 കോടി മുസ്ലിങ്ങൾ ഭീഷണിയിലാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായിരുന്നു സമ്മേളനം.’ഇന്ത്യയിൽ സർക്കാർ ഇസ്ലാമോഫോബിയ വളർത്തുന്നു. രാജ്യത്തെ നിയന്ത്രിക്കുന്ന ആർ‌എസ്‌എസിൻ്റെ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നിൽ. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവർ തുല്യ പൗരന്മാരല്ലെന്നും അവർ കരുതുന്നു.’ ഇമ്രാൻ പറഞ്ഞു.

കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ പാകിസ്താൻ പ്രധാനമന്ത്രി രൂക്ഷ വിമർശനമുയർത്തി. ജമ്മു കശ്മീരിലെ പ്രശ്‌നം പരിഹരിക്കുന്നതുവരെ ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനു സമാധാനപരമായ പരിഹാരം കാണണമെന്നും ഓഗസ്റ്റ് 5 ലെ നീക്കം റദ്ദാക്കണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.

അറസ്റ്റും റെയ്‌ഡും അടക്കം കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ‘അന്താരാഷ്ട്ര സമൂഹം ഈ ഗുരുതരമായ നിയമലംഘനങ്ങൾ അന്വേഷിക്കുകയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുകയും വേണം’, ഇമ്രാൻ ഖാൻ പറഞ്ഞു.