ശ്വാസതടസ്സം; കൊവിഡ് ബാധിച്ച ഡല്‍ഹി ഉപ മുഖ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റി

single-img
23 September 2020

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ സിസോദിയയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ എൽഎൻജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിച്ചിരുന്നവരിൽ പ്രധാനിയായിരുന്ന സിസോദിയക്ക് സെപ്തംബര്‍ 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. താൻ സ്വയംവീട്ടിൽത്തന്നെ ചികിത്സയിൽ തുടരുകയാണെന്നും, താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഐസിയുവില്‍ ഉള്ള അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും, പനി, ശ്വാസതടസം എന്നിവ ഉള്ളതിനാലാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ അറിയിച്ചു. സംസ്ഥാനത്തെ ഗുരുതരരോഗങ്ങളുള്ളവരോ വൃദ്ധരോ അല്ലാത്ത എല്ലാ കൊവിഡ് രോഗികളോടും വീട്ടിൽത്തന്നെ ക്വാറന്‍റീനിൽ തുടരാനാണ് ഡല്‍ഹി സർക്കാർ നിർദേശിച്ചിരിക്കുന്നത്.