ഐപിഎൽ: റോയല്‍ ചാലഞ്ചേഴ്‌സിനായി വരവറിയിച്ച് കേരളത്തിൽ നിന്നും ദേവ്ദത്ത്

single-img
21 September 2020

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു സാംസണിനു ശേഷം ഇതാ കേരളത്തില്‍ നിന്നും മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടി ഐപി എല്‍ വഴി എത്തുന്നു. ഇത് ദേവ്ദത്ത് പടിക്കല്‍. ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണറായി കളിച്ച ദേവ്ദത്ത് കാഴ്ചവച്ചത് മികച്ച പ്രകടനമായിരുന്നു.

ഇതില്‍ പ്രധാന കാര്യം ഐപിഎല്ലില്‍ ദേവ്ദത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത് എന്നതാണ്.
നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി കളിച്ചുകൊണ്ടിരുന്ന ഈ താരം ശ്രദ്ധേയമായ ബാറ്റിങായിരുന്നു നടത്തിയിരുന്നത്. ഇതാണ് പിന്നീട് ഐപിഎല്ലിലേക്കും വഴി തുറന്നത്.

ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം ദേവ്ദത്ത് നന്നായി മുതലാക്കി എന്ന് തന്നെ പറയാം. മത്സരത്തില്‍ 42 ബോളുകളില്‍ നിന്നും എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് ദേവ്ദത്ത് നേടി.

ആദ്യത്തെ 36 പന്തില്‍ നിന്നായിരുന്നു ദേവ്ദത്തിന്റെ ഐപിഎല്‍ കരിയറിലെ ആദ്യ ഫിഫ്റ്റി പിറന്നത്. മത്സരത്തിന്റെ 11ാം ഓവറില്‍ വിജയ് ശങ്കറിന്റെ ബൗളിങില്‍ താരം ബൗള്‍ഡായി മടങ്ങുകയായിരുന്നു. മത്സരത്തില്‍ ഫിഞ്ച് സ്റ്റാര്‍ട്ടിങ് ട്രെബിള്‍ നേരിട്ടപ്പോള്‍ ദേവ്ദത്ത് ആദ്യം മുതല്‍ തന്നെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ടി നടരാജനെറിഞ്ഞ നാലാം ഓവറില്‍ മൂന്നു ബൗണ്ടറികളാണ് ദേവ്ദത്തിന്റെ ബാറ്റില്‍ നിന്നും വന്നത്.

ഇപ്പോള്‍18 കാരനായ ദേവ്ദത്ത് മുന്‍പ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നവംബറില്‍ മഹാരാഷ്ട്രയ്‌ക്കെതിരേയായിരുന്നു ദേവ്ദത്തിന്റെ രഞ്ജിയിലെ അരങ്ങേറ്റം. അവിടെയും ആദ്യ കളിയില്‍ തന്നെ താരം 77 റണ്‍സ് നേടിയിരുന്നു.