ഐ.പി.എൽ പൂരം; ഇന്ന് യു.എ.ഇ.യിൽ തുടക്കം
ഐ.പി.എൽ പൂരത്തിന് തുടക്കം. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് ദുബായിൽ തുടക്കം. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ കൊമ്പുകോർക്കുക.
രോഹിത് ശർമയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസും എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ ഇറങ്ങുന്പോൾ ഐപിഎൽ ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും. കാരണം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ രണ്ട് ടീമുകളാണിവർ.
കൊറോണ ആയതിനാൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയർ ലീഡേഴ്സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല. എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.