ഏറ്റെടുത്ത പള്ളികൾ പോലും നടത്തിക്കൊണ്ടുപോകാന്‍ ഓര്‍ത്തഡോക്സുകാർക്കായിട്ടില്ല; മണര്‍കാട് പള്ളി വിട്ടു തരില്ലെന്ന് യാക്കോബായ സഭ

single-img
19 September 2020

മണര്‍കാട് പള്ളി ഓർത്തഡോക്സുകാർക്ക് വിട്ടുകൊടുക്കില്ലെന്ന്‌ യാക്കോബായ സഭ. യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയാണ് തീരുമാനം അറിയിച്ചത്. ഓര്‍ത്തഡോക്‌സ് സഭ നേരത്തെ ഏറ്റെടുത്ത പല പള്ളികളും അവര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. വൈകാരിക ബന്ധമുള്ള ഈ പള്ളി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സഭാതര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മാണം വേണമെന്ന് തോമസ് മാര്‍ തിമോത്തിയോസ് ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നത്. ഇടവക പള്ളികളിലെ ജനങ്ങളെ പള്ളികളില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്ന് 2017ലെ സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ട്. 4000ത്തോളം യാക്കോബായ കുടുംബങ്ങളാണ് ഇടവകയിലുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളത് പത്തില്‍ താഴെ അംഗങ്ങള്‍ മാത്രവും. അവരെക്കൊണ്ട്‌ പള്ളി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല.- അദ്ദേഹം പറഞ്ഞു.