കയ്യാങ്കളി; നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്; അവന്റെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്ന് നെയ്മർ

single-img
17 September 2020

ഫ്രഞ്ച് ലീഗിൽ പിഎസ്ജി-മാഴ്‌സെ മത്സരത്തിനിടെ ഉണ്ടായ കയ്യാങ്കളിയിൽ പിഎസ്ജി താരം നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്. മാഴ്‌സെ താരം അൽവാരോ ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ നെയ്മർ ഇടിച്ചിരുന്നു. അതേസമയം, അൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ലീഗ് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.

ആൽവാരോയുടെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്നും അത് ചെയ്യാത്തതിൽ സങ്കടമുണ്ടെന്നും പറഞ്ഞ നെയ്മർ ആൽവാരോയ്ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ട്വീറ്റ് ചെയ്തു. ഇഞ്ചുറി ടൈമിലായിരുന്നു ഇരു ടീമുകളിലേയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. നെയ്മർ ഉൾപ്പെടെ അഞ്ച് പേർക്ക് റെഡ് കാർഡ് കിട്ടി. 12 താരങ്ങൾക്ക് മഞ്ഞക്കാർഡും ലഭിച്ചു. നെയ്മറിന് പുറമേ പിഎസ്ജി താരങ്ങളായ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സെയുടെ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്.

പിഎസ്ജിയുടെ ഡിഫന്‍ഡര്‍, ലെവിന്‍ കുര്‍സാവയെ ആറു മത്സരങ്ങളില്‍ നിന്ന് വിലക്കി. മാഴ്‌സെ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. മത്സരത്തില്‍ പിഎസ്ജി ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.