മുസ്ലിം വിഭാഗത്തെ അധിക്ഷേപിച്ച ‘യുപിഎസ്‌സി ജിഹാദ്‌’ പരാമർശം: സുദർശൻ ടിവി പരിപാടിക്ക്‌ സുപ്രീം കോടതിയുടെ വിലക്ക്‌

single-img
16 September 2020

സിവിൽ സർവീസിലേക്ക്‌ മുസ്ലീങ്ങൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത്‌ ‘യുപിഎസ്‌സി ജിഹാദാണെന്ന്‌’ ആരോപിച്ച സുദർശൻ ടിവിയുടെ പരിപാടിക്ക്‌ സംപ്രേഷണ വിലക്ക്‌ ഏർപ്പെടുത്തി സുപ്രീംകോടതി. സുദർശൻ ടിവിയുടെ ‘ബിന്ദാസ്‌‌ ബോൽ’ പരിപാടി പ്രഥമദൃഷ്ട്യാ മുസ്ലിം വിഭാഗത്തെ അധിക്ഷേപിച്ചുവെന്ന് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതു‌വരെ പരിപാടിയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യരുതെന്ന്‌ ജസ്‌റ്റിസുമാരായ കെ എം ജോസഫ്‌, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിട്ടു. ഭരണഘടന അവകാശങ്ങളുടെ സംരക്ഷകരായ സുപ്രീംകോടതിക്ക്‌ ഏതെങ്കിലും സമുദായത്തെ അധിക്ഷേപിക്കാനുള്ള നീക്കം കണ്ടു നിൽക്കാനാകില്ല.- ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു.

ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്ക്‌ ആവശ്യമായ നിലവാരം നിശ്ചയിക്കുന്നതിന്‌ വിദഗ്‌ധസമിതി രൂപീകരിക്കാൻ ആലോചിക്കുന്നതായും സുപ്രീംകോടതി വാക്കാൽ പരാമർശിച്ചു. ഈ വിഷയം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പറഞ്ഞു.