സൗദിയിൽ നിന്നും നല്ല വാർത്ത: നാട്ടിൽ കുടുങ്ങിയവർക്ക് സെപ്തംബര്‍ 15 മുതൽ സൗദിയിലേക്ക് മടങ്ങാം

single-img
14 September 2020

കോവിഡ് വെെറസ് വ്യാപനത്തിൻ്റെ ഭാഗമായി നാട്ടില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സൗദി ആഭ്യന്തരമന്ത്രാലയം രംഗത്ത്. സൗദിയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കോവിഡ് സാഹചര്യത്തില്‍ സൗദിയിലേക്ക് നിശ്ചിത തിയതിയ്ക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാമെന്ന് സൗദി ഭരണകൂടം അറിയിച്ചു. 

സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതൽ ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാം. സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇതിനായി 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് സൗദി ഭരണകൂടം അറിയിച്ചിരിക്കുന്നത്.