മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണം: ആവശ്യവുമായി കെ സുരേന്ദ്രൻ

single-img
14 September 2020

ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഒരു ഭാഗം പോയത് മുഖ്യമന്ത്രിയുടെ അടുത്തേയ്ക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  മുഖ്യമന്ത്രിയുടെ മക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. ഭരണത്തിന്റെ മറവില്‍ നടക്കുന്ന ഈ തട്ടിപ്പുകളെ കുറിച്ചും അന്വേഷിക്കണം.മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടു മാസമായിട്ടും തീരുമാനമായിട്ടില്ല. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായതിനെ കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യാതൊരു വിധ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. മുഖ്യമന്ത്രി അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ലൈഫ് മിഷന്‍ തട്ടിപ്പിലെ തൊണ്ടി മുതല്‍ ഒളിപ്പിക്കാനാണ് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ കണ്ണൂര്‍ സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്കറില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ എന്താണ് കൊണ്ടുപോയതെന്ന് വിശദമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഇ പി ജയരാജന്റെ മകന് കമ്മീഷന്‍ ലഭിച്ചു എന്ന ആരോപണം നിലനില്‍ക്കേയാണ് തിടുക്കത്തില്‍ മന്ത്രിയുടെ ഭാര്യ ബാങ്കില്‍ എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

മന്ത്രിയുടെ ഭാര്യ ക്വാറന്റൈനില്‍ ഇരിക്കുമ്പോഴാണ് ബാങ്കില്‍ എത്തിയത്. എന്തിനാണ് തിടുക്കത്തില്‍ അവിടെ എത്തി ലോക്കര്‍ തുറന്നത് എന്നതിനെ സംബന്ധിച്ച് അന്വേഷിക്കണം. ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമാക്കാന്‍ ഇ പി ജയരാജന്‍ തയ്യാറാവണം. രേഖയാണോ, സ്വര്‍ണമാണോ ലോക്കറില്‍ സൂക്ഷിച്ചിരുന്നത് എന്നതിനെ സംബന്ധിച്ച് മന്ത്രി വിശദീകരിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.