‘ജയ് ശ്രീറാം’ വിളിച്ചില്ല; ഉത്തർപ്രദേശിൽ കാർ ഡ്രൈവറെ കെട്ടിയിട്ടു മർദ്ദിച്ചു കൊന്നു

single-img
8 September 2020

ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിക്കാൻ വിസ്സമ്മതിച്ചതിനാൽ കാർ ഡ്രൈവറെ രണ്ട് പേർ തല്ലിക്കൊന്നു. അഫ്താബ് ആലം(45) ആണ് കൊല്ലപ്പെട്ടത്. നോയിഡയിലെ ത്രിലോക്പുരി സ്വദേശിയാണ് അഫ്താബ്. അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ബദലാപൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെടുന്നതിന് ഏതാനും മിനുട്ടുകൾക്ക് മുമ്പ് പിതാവിന്റെ ഫോൺ വന്നതായി അഫ്താബിന്റെ 20 വയസ്സുള്ള മകൻ മുഹമ്മദ് സാബിറിനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്തു. ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ ആവശ്യപ്പെടുന്നത് കേട്ടിരുന്നതായാണ് സാബിർ പറയുന്നത്. സംഭവത്തെ കുറിച്ച് സാബിർ പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച്ച വൈകിട്ട് ബുലന്ദ്ഷഹറിലേക്ക് പിതാവ് സവാരി പോയിരുന്നു. ഏഴ് മണിയോടെ ഓട്ടം പൂർത്തിയാക്കി അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്കുള്ള വഴിയിൽ പിതാവ് തന്നെ വിളിച്ച് ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. താൻ റീചാർജ് ചെയ്യുകയും ചെയ്തു. അതു കഴിഞ്ഞ് അൽപ്പ നേരത്തിന് ശേഷം വീണ്ടും പിതാവിന്റെ ഫോൺ വന്നു. വണ്ടിയിൽ കയറിയവരുടെ പെരുമാറ്റത്തിൽ അപകടം തോന്നിയതിനെ തുടർന്ന് തന്നെ വിളിച്ചതാകാം. ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നത് താൻ കേട്ടതായും സാബിർ പറയുന്നു. ഇന്നലെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്.