രാജ്യങ്ങൾ കെെയൊഴിഞ്ഞ് ആറു മാസം കടലിൽ കഴിഞ്ഞ റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് ഒടുവിൽ ഇൻഡൊനീഷ്യ അഭയം നൽകി

single-img
8 September 2020

ആറുമാസംനീണ്ട ദുരിത ജീവിതത്തിനൊടുവിൽ  300-ഓളം റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് പുതു ജീവൻ ലഭിച്ചു. തെക്കൻ ബംഗ്ലാദേശിൽ നിന്നു പുറപ്പെട്ട ഇവർ തിങ്കളാഴ്ചയോടെ ഇൻഡൊനീഷ്യയിലെത്തി. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മലേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇവർ യാത്ര പുറപ്പെട്ടത്. 

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ മലേഷ്യയും തായ്‌ലാൻഡും ഇവരെ സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. മറ്റു വഴികൾ അടഞ്ഞ സംഘം വീണ്ടും യാത്രതുടങ്ങി.മാസങ്ങൾ നീണ്ട ദുരിതയത്തിനൊടുവിൽ സുമാത്രയുടെ വടക്കൻ തീരത്തുനിന്ന് ഏതാനും മൈലുകൾ മാറി മരബോട്ടിൽ സഞ്ചരിക്കുന്ന നിലയിൽ മീൻപിടിത്തക്കാരാണ് ഇവരെ കണ്ടെത്തിയത്. 

297 മുതിർന്നവരും 14 കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇൻഡൊനീഷ്യയിൽ 2015-നുശേഷം ആദ്യമായാണ് ഇത്രയധികം റോഹിംഗ്യകളെത്തുന്നതെന്ന് റോഹിംഗ്യൻ പ്രതിസന്ധികൾ കൈകാര്യംചെയ്യുന്ന സന്നദ്ധസംഘടന പറഞ്ഞു. മനുഷ്യക്കടത്തുകാർ പണം ആവശ്യപ്പെട്ട് ഇവരെ ബോട്ടിൽത്തന്നെ തടഞ്ഞുവെച്ചതായിരിക്കാമെന്നും അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും സന്നദ്ധസംഘടന പറഞ്ഞു.

 പ്രദേശവാസികൾ ഇവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. രണ്ടു സംഘങ്ങളിലായി 100-ഓളം റോഹിംഗ്യകൾ ജൂണിൽ ഇൻഡൊനീഷ്യയിലെത്തിയിരുന്നു. മ്യാൻമാറിൽ ശിക്ഷ ഭയന്നാണ് തെക്കുകിഴക്കേ രാജ്യങ്ങളിലേക്ക് കരമാർഗവും കടൽമാർഗവും റോഹിംഗ്യകൾ പലായനംചെയ്യുന്നത്.