‘തന്റെ വിധി കൊണ്ട് നീതി ന്യായത്തിൽ പ്രതിവിധി കൊണ്ടുവന്നയാൾ കേശവാനന്ദ ഭാരതി മാത്രമല്ല’- ഗൗതം വിഷ്ണു എഴുതുന്നു

single-img
7 September 2020

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ തങ്കലിപികൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള ചുരുക്കം ചില കേസുകളിൽ ഒന്നാണ് കേശവാനന്ദ ഭാരതി കേസ്. തന്റെ മഠത്തിന്റെ സ്വത്ത്, കേരള സർക്കാർ ഭൂപരിഷ്‌ക്കരണ നിയമം ഉപയോഗിച്ചു ഏറ്റെടുത്തതിനെതിരെ തന്റെ സ്വത്തിന്മേൽ തനിക്ക് മൗലികാവകാശമുണ്ടെന്ന വാദവുമായാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ അദ്ദേഹം തോൽക്കുകയാണ് ചെയ്തത്. സർക്കാരിന് അതിനുള്ള അധികാരമുണ്ടെന്ന് കോടതി വിധിച്ചു.

ഈ വിധിയ്ക്ക് പ്രാധാന്യമുണ്ട്. അത്രയും കാലം ഒരു പൗരന്റെ മൗലികാവകാശം ഏതെങ്കിലും രീതിയിൽ സർക്കാരിന് ഹനിക്കാൻ കഴിയുമോ എന്ന ഉത്തരം കിട്ടാത്ത സമസ്യക്ക് സ്വീകാര്യമായ പ്രതിവിധി മുന്നോട്ടു വച്ചു എന്നതു കൊണ്ടാണ് ആ വിധി, നീതി ന്യായ ചരിത്രത്തിൽ ഇടം നേടിയത്.

നമ്മുടെ ഭരണഘടനയിൽ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് പാത്രമായിട്ടുള്ളതാണ് പൗരന്റെ സ്വത്തവകാശം എന്നത്. പ്രത്യേകിച്ചും 1978 ൽ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ അതു മൗലികാവകാശമല്ലാതാക്കുന്നത് വരെ. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ താറുമാറായ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല പദ്ധതികളും കൊണ്ടു വന്നു. അവയിൽ പലതും സ്വകാര്യ വ്യക്തികളുടെ പേരിലുള്ള സ്ഥലം ‘എമിനെന്റ് ഡൊമൈൻ’ തത്വത്തിലൂന്നി നിർബന്ധിത ഏറ്റെടുക്കൽ നടത്തി നടപ്പാക്കിയവയായിരുന്നു. അതിന്റെ പൂർണതക്ക് വേണ്ടി ഭരണഘടനയിൽ ഭേദഗതികളും കൊണ്ടു വന്നു. അതോടെ നിരന്തരമായി അവ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയിൽ വന്നു കൊണ്ടിരുന്നു. അതിൽ തന്നെ ഭരണഘടനയുടെ ആദ്യ ഭേദഗതിയെ ചോദ്യം ചെയ്ത ശങ്കരി പ്രസാദിന്റെ കേസ് തൊട്ടു കാമേശ്വർ സിംഗിന്റെ കേസിലും സജ്ജൻ സിംഗിന്റെ കേസിലുമെല്ലാമായി ഒരാളുടെ സ്വകാര്യ സ്വത്തിൽ അയാൾക്കുള്ള മൗലികാവകാശം എടുത്തു മാറ്റാൻ സർക്കാർ അധികാര വിനിയോഗം നടത്തുമ്പോൾ അതിൽ കോടതികൾക്ക് ഇടപെടുന്നതിനു പരിധിയുണ്ടെന്ന് പറഞ്ഞു വ്യക്തമായ ഒരു ധാരണ ഇല്ലാതെ മുന്നോട്ടു പോകുകയായിരുന്നു നമ്മുടെ പരമോന്നത നീതിപീഠം.

എന്നാൽ അതു ഗൊലക് നാഥിന്റെ കേസിലെത്തിയപ്പോൾ പൗരന്റെ മൗലികാവകാശത്തിൽ തൊടാൻ സ്റ്റേറ്റിന് അധികാരമില്ലെന്നുള്ള വ്യക്തതയുള്ള നിഗമനത്തിൽ കോടതി എത്തി. അതോടെ അതിനു മുൻപ് തീർപ്പായ സജ്ജൻ സിംഗിന്റെ കേസിലേതുൾപ്പെടെയുള്ള വിധികൾ അസാധുവാക്കപ്പെട്ടു. എങ്കിലും ജസ്റ്റിസ് ഹിദായത്തുള്ളയുടെയും ജസ്റ്റിസ് മുധോൽക്കറുടെയും ഭൂരിപക്ഷ വിധിയോട് വിയോജിച്ചു കൊണ്ടുള്ള വിധി ന്യായങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. കാലത്തിനും അവസ്ഥക്കുമനുസരിച്ചു ഭരണഘടനക്ക് മാറ്റങ്ങൾ വരേണ്ടത് അത്യാവശ്യമാണെന്നും അങ്ങനെ ഉള്ള മാറ്റങ്ങളിൽ നിന്നും മൗലികാവകാശങ്ങളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്.

പിന്നീട് ഈ വിഷയം വീണ്ടും ചർച്ചക്ക് വിധേയമാകുന്നത് കേശവാനന്ദഭാരതിയിലൂടെയാണ്. പതിനൊന്നംഗ ബെഞ്ച് തീർപ്പാക്കിയ ഗൊലക് നാഥ് കേസിന്റെ പുനരവലോകനമാണ് അക്ഷരാർത്ഥത്തിൽ അവിടെ നടന്നത് എന്നതു കൊണ്ടു തന്നെ പതിമൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ആണ് ഈ കേസിന്റെ വാദം കേട്ടത്.

ഗൊലക് നാഥിന്റെ കേസിലെ വിയോജന വിധികളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കേസിൽ ഭൂരിപക്ഷ വിധി വന്നത്. പൗരന്റെ മൗലിക അവകാശങ്ങൾ എന്നത് പരമമായ അധികാരമല്ലെന്നും കൃത്യമായി നിയമത്തെ അടിസ്ഥാനപ്പെടുത്തി ന്യായീകരിക്കാൻ കഴിയുന്നിടങ്ങളിൽ അവ ഹനിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. മൗലിക അവകാശത്തിൽ കൈ കടത്താൻ സർക്കാരിന് സാധിക്കുമെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായ മതേതരത്വം, ഭരണഘടനക്കുള്ള മേധാവിത്വം, വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യ ഫെഡറൽ സംവിധാനങ്ങൾ, അധികാര വികേന്ദ്രീകരണം തുടങ്ങിയവയെല്ലാം ‘ബേസിക്ക് സ്ട്രക്ചർ’ എന്ന തത്വത്തിൽ ഉൾക്കൊള്ളിച്ച് അവയെല്ലാം എല്ലാ കാലത്തും സംരക്ഷിക്കപ്പെടേണ്ടവയാണെന്നുമുള്ള സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

ഇന്നും നമ്മുടെ ജുഡീഷ്യറി ആപ്തവാക്യമായി കൊണ്ടു നടക്കുന്ന ആ തത്വം രൂപം കൊള്ളുന്നതിൽ പ്രധാന പങ്കു വഹിച്ചവരാണ് ഈ കേസിൽ കേശവാനന്ദ ഭാരതിക്ക് വേണ്ടി ഹാജരായ നാനി പൽക്കിവാല എന്ന അഭിഭാഷകനും ഭൂരിപക്ഷ വിധിയെഴുതിയ ഏഴു ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് എച്ച്. ആർ. ഖന്നയും. അന്നു കേരള സർക്കാരിന് വേണ്ടി വാദിച്ച പ്രശസ്തനായ അഭിഭാഷകൻ എച്ച്. എം. സീർവായി പൽക്കിവാലയെ വിശേഷിപ്പിച്ചത് ‘ഭരണഘടനാ സംരക്ഷകൻ’ എന്നാണ്. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സഹായികളായ ഫാലി നരിമാന്റെയും സോളി സൊറാബ്ജിയുടെയും വിശദമായ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വാദങ്ങളില്ലായിരുന്നെങ്കിൽ ഭരണഘടനയെ തോന്നും പോലെ കൈകാര്യം ചെയ്യാൻ സർക്കാരുകൾക്ക് സാധിക്കുമെന്ന കാഴ്ചപ്പാടിലെത്തുമായിരുന്നു നമ്മുടെ പരമോന്നത നീതി പീഠം.

കേസിൽ കേശവാനന്ദ ഭാരതി തോറ്റു പോയെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ തൊടാൻ സർക്കാരിനെ അനുവദിക്കരുതെന്ന ബോധ്യം കോടതിക്ക് മുന്നിൽ കാര്യകാരണ സഹിതം നിരത്തിയ അദ്ദേഹത്തോട് ഇന്ത്യയുടെ തനതു ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു പൗരനും സദാ കടപ്പെട്ടിരിക്കുന്നു.

അദ്ദേഹത്തോടൊപ്പം തന്നെ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് ജസ്റ്റിസ് എച്ച്. ആർ. ഖന്ന. പല നിരീക്ഷണങ്ങളിൽ അനുകൂലിച്ചും പലതിൽ എതിർത്തും പതിമൂന്നംഗ ജഡ്ജിമാരുടേതായി പതിനൊന്നു വ്യത്യസ്ത വിധിന്യായങ്ങളാണ് ഈ കേസിലുള്ളത്. അതിൽ തന്നെ ജസ്റ്റിസ് ഖന്നയുടെ ഈ കേസിലെ നിരീക്ഷണങ്ങളായിരുന്നു ഈ കേസിന്റെ ചുവടു പിടിച്ചു വന്ന പല കേസുകളിലും സുപ്രീം കോടതി തന്നെ പ്രധാനമായും മുഖവിലക്കെടുത്തത്. എ.ഡി.എം ജബൽപൂരിന്റെ കേസിൽ ഇന്ദിരാ ഗാന്ധി സർക്കാരിനനുകൂലമായി വിധിയെഴുതിയിരുന്നെങ്കിൽ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാൻ അദ്ദേഹത്തിനു എളുപ്പത്തിൽ കഴിയുമായിരുന്നെങ്കിലും മനസാക്ഷിയെ വഞ്ചിച്ചു കൊണ്ടെഴുതുന്ന വിധിക്ക് പ്രതിഫലമായി കിട്ടാൻ പോകുന്ന പരമോന്നത നീതി പീഠത്തിന്റെ മുഖ്യന്യായാധിപ സ്ഥാനം വേണ്ട എന്നു വക്കാനുള്ള കരളുറപ്പ് കാണിച്ച ധീര വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഖന്ന. അദ്ദേഹം കൃത്യമായി ഭരണഘടനയെയും അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങളെയും വായിച്ചറിഞ്ഞതിന്റെ ഫലമായാണ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഏതെല്ലാമാണെന്ന് തിരിച്ചറിയപ്പെട്ടതും അവ ഇന്നും ശക്തമായി തന്നെ നിലനിൽക്കുന്നതും.

ഇവരുടെ കൂടെ തന്നെ ഉയർന്നു കേൾക്കേണ്ട മറ്റൊരു പേരുകാരനാണ് അന്നത്തെ അറ്റോർണി ജനറലും ഈ കേസിൽ കേരള സർക്കാരിന്റെ അഭിഭാഷകനുമായിരുന്ന എച്ച്. എം. സീർവായി. കൃത്യമായി സർക്കാരിന് മൗലികാവകാശത്തെ നിയന്ത്രിക്കാനും ലംഘിക്കാനും പല അവസ്ഥാന്തരങ്ങളിലും സാധിക്കേണ്ടത് ആവശ്യകതയാണെന്ന് കോടതിയിൽ തെളിയിക്കാൻ അദ്ദേഹത്തിനായതു കൊണ്ടു തന്നെയാണ് അവയും മാറ്റത്തിനതീതമല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. കൂടാതെ ഈ കേസിൽ ഭൂരിപക്ഷ വിധി പ്രസ്താവിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് സിക്രി ഉൾപ്പെടെയുള്ള ആറു പേരെയും ഇവിടെ സ്മരിക്കേണ്ടതായുണ്ട്.

1973 ൽ തീർപ്പായ ഈ കേസ് ഇന്നും നിയമ വിദ്യാർത്ഥികൾക്കും നിയമജ്ഞർക്കും പഠിച്ചു തീരാത്ത പാഠപുസ്തകമാണ്. എന്നാൽ ഈ കേസിലെ വാദിയെ കുറച്ചു കാലം മുൻപ് അഭിമുഖം നടത്താൻ പോയ ഒരു കൂട്ടം വിദ്യാർത്ഥികളുടെ അനുഭവ വെളിച്ചത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിനു ഈ കേസിനെ പറ്റി ഓര്മയൊന്നുമില്ല. അദ്ദേഹത്തിന്റെ മഠവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അനേകം നിയമപോരാട്ടങ്ങളിൽ ഒന്നു മാത്രമാണ് ഈ കേസും. എന്നാൽ ഈ കേസും അതിലെ തത്വങ്ങളും ഇന്നും ഓർമ്മിക്കത്തക്കതായി നിയമസംഹിതകളിൽ പ്രതിഫലിച്ചുകൊണ്ടേയിരിക്കുന്നു.

ഇതെല്ലാം ഇവിടെ പറയാൻ കാരണം കേശവാനന്ദ ഭാരതി സ്വാമിയുടെ മരണത്തെ തുടർന്നു സമൂഹ മാധ്യമങ്ങളിൽ കാണാനിടയായ പലരുടെയും അഭിപ്രായങ്ങളാണ്. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചത് എന്ന രീതിയിൽ വ്യാപകമായി അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ മേൽ പറഞ്ഞതെല്ലാം കൊണ്ടു തന്നെ കേവലം തന്റെ സ്വന്തം ആവശ്യത്തിനായി കോടതിയെ സമീപിച്ച കേശവാനന്ദ ഭാരതിയെക്കാളും വാഴ്ത്തപ്പെടേണ്ടത് ഈ കേസിലെ ഇരു ഭാഗത്തിന്റെയും അഭിഭാഷകരും ഭൂരിപക്ഷ വിധി പ്രസ്താവിച്ച ഏഴു ന്യായാധിപന്മാരുമാണ്. അവരാണ് യഥാർത്ഥത്തിൽ ഭരണഘടനാ സംരക്ഷകർ.

അങ്ങനെ പറയാനുള്ള മറ്റൊരു കാരണം പിന്തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഏടായ ഭൂപരിഷ്‌ക്കരണ നിയമത്തെ ചോദ്യം ചെയ്തു കോടതിയിൽ പോയ ഒരാൾ എങ്ങനെയാണ് ഭരണഘടനയുടെ സംരക്ഷകനാകുന്നത് എന്നു കൂടെ ചിന്തിച്ചാണ്‌. ജന്മി കുടിയാൻ വ്യവസ്ഥിതിയിൽ നിന്നും കേരളത്തെ കൈ പിടിച്ചു കയറ്റിയ, വല്ലവന്റെയും പാടത്തു പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനവിഭാഗത്തിനെ ഭൂവുടമകളാക്കിയ, യഥാർത്ഥ സോഷ്യലിസം കൊണ്ടു വരാൻ പരിശ്രമിച്ച ഒരു നിയമത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തു കോടതിയിൽ പോയത്. ആ ചോദ്യം ചെയ്യപ്പെടലിൽ ജയം അദ്ദേഹത്തിനൊപ്പമായിരുന്നെങ്കിൽ കേരളത്തിന്റെ സാമൂഹിക തലത്തിൽ ഇത്രയധികം പുരോഗതി കൈവരുമായിരുന്നോ എന്നു തികച്ചും സംശയമാണ്.

എന്നാൽ ഒട്ടും തന്നെ പ്രകീർത്തിക്കപ്പെടേണ്ടയാളല്ല കേശവാനന്ദ ഭാരതി എന്നും പറയാനാകില്ല. കാരണം അദ്ദേഹമാണ് എല്ലാത്തിനും നിമിത്തമായത്. പൽക്കിവാലയെ ഒരിക്കൽ പോലും അദ്ദേഹം നേരിട്ടു കണ്ടിട്ടില്ലെങ്കിൽ കൂടി പല വഴിക്കായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണഘടനാ സംരക്ഷകനിൽ ഈ കേസ് എത്താനുമെല്ലാം കേശവാനന്ദ ഭാരതി അറിയാതെയാണെങ്കിലും കാരണമായി എന്നതും അതിനോട് കൂട്ടി വായിക്കണം.
യശ്ശശരീരനായി തീർന്ന അദ്ദേഹത്തിനു എല്ലാ വിധ ആദരാഞ്ജലികളും…

ഗൗതം വിഷ്ണു എൻ
എറണാകുളം ഗവണ്മെന്റ് ലോ കോളേജ് അവസാന വർഷ വിദ്യാർത്ഥി