അഡ്വ. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സായി ശ്വേത: ‘ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുത്’

single-img
3 September 2020

വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച അഭിഭാഷകനെതിരെ അധ്യാപിക സായി ശ്വേത മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും പരാതി നല്‍കി. അഡ്വ. ശ്രീജിത്ത് പെരുമനക്കെതിരെയാണ് സായി ശ്വേത പരാതി നൽകിയത്. ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുതെന്ന് സായി ശ്വേത പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചപ്പോൾ സമൂഹ മാധ്യമത്തിലൂടെ തന്നെ അപമാനിച്ച ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് സായി ശ്വേതയുടെ ആവശ്യം. ശ്രീജിത്ത് പെരുമന അഭിഭാഷകനായിട്ട് പോലും വ്യക്തിയുടെ മൗലിക അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തിയെന്ന് നേരത്തെ സായി ശ്വേത സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

ലോക്ക് ഡൌൺ സമയം സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓൺലൈൻ ക്ലാസിലൂടെ സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും ഒരുപോലെ പ്രിയങ്കരിയായ അധ്യാപികയാണ് സായി ശ്വേത. സായി എടുത്ത ക്ലാസിലെ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ ഇഷ്ടം കൂടി പിടിച്ച് പറ്റിയിരുന്നു.