‘പ്രണബ് മുഖർജി’ രാഷ്ട്രീയ ചാണക്യന്‍, കോൺഗ്രസിന്റെ പ്രതിരോധനായകൻ

single-img
1 September 2020

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും കോൺഗ്രസിന്റെ പ്രതിരോധനായകനും കൂടിയായിരുന്നു പ്രണബ് മുഖർജി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവില്‍ നിന്നാണ് രാജ്യത്തിന്റെ പ്രഥമ പൗരനെന്ന പദവിയിലേക്ക് പ്രണബ് മുഖര്‍ജി നടന്നു കയറിയത്.ജനാധിപത്യത്തോടും ഭരണഘടനയോടും കാട്ടിയ ഉത്തരവാദിത്വത്തിന്റെയും വിശ്വസ്തതയുടെയും പേരിലാണ് പ്രണവ് മുഖർജിയുടെ രാഷ്ട്രപതിക്കാലം അറിയപ്പെടുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

2004 മുതല്‍ 2014 വരെ നീണ്ട രണ്ട് യു.പി.എ. ഭരണകാലത്താണ് പ്രണബ് കുമാര്‍ മുഖര്‍ജിയിലെ രാഷ്ട്രീയ ചാണക്യനെ രാജ്യം കണ്ടു തുടങ്ങിയത്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നെങ്കിലും എല്ലാ വിഷമ ഘട്ടങ്ങളിലും സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടു പോയത് പ്രണബ് ആയിരുന്നു. ഓരോ പ്രശ്‌നങ്ങളെയും നേരിടാന്‍ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് എന്ന ഉപസമിതിയുണ്ടാക്കും. അവയുടെയൊക്കെ ചെയര്‍മാന്‍ പ്രണബ് ആയിരുന്നു. സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിയെ തരണം ചെയ്യാനായതിലും പ്രണബിന്റെ പങ്കു ചെറുതല്ല. മതിയായ ഭൂരിപക്ഷമില്ലാതെ അധികാരമേറ്റ പി.വി. നരസിംഹ റാവു സര്‍ക്കാരിന്റെ കാലാവധി വരെ നിലനിര്‍ത്തുന്നതില്‍ പ്രണബ് ശക്തമായ പിന്തുണയാണ് നല്‍കിയത്.

ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളായിരുന്നു.1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.

രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എന്‍ട്രി, 1969 ല്‍ അന്ന് മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാല ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടുകയും, കൈപിടിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്.

അടിയന്തിരാവസ്ഥക്കാലത്ത് (1975-77കാലം) പ്രണബ് ഇന്ദിരയുടെ ഏറ്റവും വലിയ പ്രചാരകനായി. അന്നു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേവകാന്ത് ബറുവ ‘ഇന്ദിരയാണ് ഇന്ത്യ’ എന്നു പറഞ്ഞപ്പോള്‍ ‘ഇന്ദിര ദേവതയാണ്’ എന്ന് പ്രണബ് ഏറ്റു ചൊല്ലി. രാഷ്രപതി സ്ഥാനത്തു നിന്നു വിരമിക്കുന്നതു പ്രമാണിച്ച് പാര്‍ലിമെന്റിന്റെ ഇരുസഭകളും സംയുക്തമായി നല്‍കിയ ആദരവില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ഇന്ദിരയെ വിശേഷിപ്പിച്ചത് അത്യുന്നത വ്യക്തിത്വം എന്നാണ്. എന്നാൽ ഇന്ദിര ഗാന്ധിയുടെ മരണശേഷം കോൺഗ്രസിൽ നിന്നും പ്രതേകിച്ച് രാജീവ് ഗാന്ധിയിൽ നിന്നും വേണ്ട സ്വീകാര്യത പ്രണവ് മുഖർജിയ്ക്ക് കിട്ടിയില്ല.1986 ഒക്ടോബർ മാസത്തിൽ പ്രണബിനെ രാജീവ് കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രണബ് തുടങ്ങിയ പുതിയ പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിനെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് നല്ലകാലമായിരുന്നില്ല.1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന്നു ശേഷം പ്രധാനമന്ത്രിയായ നരസിംഹറാവു ആണ് അവസാനം അദ്ദേഹത്തിനു ശാപമോക്ഷം നല്‍കിയത്. ആദ്യം പ്ലാനിങ് കമ്മീഷന്‍ ഉപാദ്ധ്യക്ഷനാക്കി. പിന്നീട് വിദേശകര്യമന്ത്രിയാക്കി. 2004 -ൽ ഒന്നാം യുപിഎ സർക്കാർ വന്നപ്പോൾ, ഗാന്ധി കുടുംബം പ്രണബിനെ തഴഞ്ഞില്ല. പ്രണബിന് കാബിനറ്റിൽ പ്രതിരോധമന്ത്രി പദം നൽകപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

പിന്നീട് രാഷ്ട്രപടിയായി തിളങ്ങിയ കാലം, 2007 -ൽ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്‌ട്രപതി പദത്തിലേക്ക് നിർദേശിക്കുന്നത്. അന്ന് പക്ഷേ, അദ്ദേഹത്തെ സോണിയക്ക് യുപിഎ ക്യാബിനറ്റിൽ നിന്ന് വിട്ടുനല്കാനാകുമായിരുന്നില്ല. എന്നാൽ, 2012 -ൽ പതിമൂന്നാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന സമയം വന്നപ്പോൾ, ഒരു കാര്യം സോണിയക്ക് ബോധ്യപ്പെട്ടു. 2014 -ലെ ഫലം ചിലപ്പോൾ മോശമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് രാഷ്‌ട്രപതി ഭവനിലെങ്കിലും ഒരു കോൺഗ്രസുകാരൻ ഇരിക്കുന്നത് നല്ലതാണ്.

എന്നാൽ, 2012 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങൾക്കുള്ള വേദി കൂടി ആയി മാറി. ആ കോഴിപ്പോരിന്റെ നടുവിലേക്ക് മമതാ ബാനർജി, മുലായം സിംഗ് യാദവ്, സോമനാഥ് ബാനർജി, ടി ആർ ബാലു, ശരദ് പവാർ, പി എം സാങ്മ എന്നിങ്ങനെ പലരും ഇറങ്ങി. എപിജെ അബ്ദുൽ കലാമിന്റെ പേരും പലരും ഉയർത്തിക്കൊണ്ടു വന്നു എങ്കിലും, അഭിപ്രായ സമന്വയമില്ലാതെ താൻ അതിനു മുതിരില്ല എന്ന് കലാം പറഞ്ഞതോടെ ആ സാധ്യത മങ്ങി.

ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നു. ഇടതു പക്ഷവും, അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് മുഖർജി രാഷ്ട്രപതിയായി. വാർദ്ധക്യകാലത്തും കോൺഗ്രസിന്റെ മുൻനിരയിൽ പ്രതിരോധനായകനായി പ്രണവ് മുഖർജി തിളങ്ങി നിന്നു. തന്റെ എൺപത്തഞ്ചാം വയസ്സിൽ പ്രണബ് കുമാർ മുഖർജി ഇഹലോകവാസം വെടിയുമ്പോൾ അവസാനിക്കുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകകളിൽ ഒന്നുകൂടിയാണ്.