സ്വർണക്കടത്ത് കേസ് ; ദേശിയ അന്വേഷണ സംഘം സെക്രട്ടേറിയറ്റില്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. ഭരണസിരാ കേന്ദ്രത്തിൽ തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.
സ്വപ്നസുരേഷിന്റെ മൊഴിയിൽ പറയുന്ന ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എയുടെ ഇന്നത്തെ സന്ദര്‍ശനം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തമടക്കം വലിയ വിവാദമായ സാഹചര്യത്തില്‍ എന്‍.ഐ.എയുടെ പരിശോധനയെ നിര്‍ണായകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.