സ്വര്‍ണ്ണ കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കില്ല; എന്‍ഐഎയുടെ ക്ലീൻ ചിറ്റ്

single-img
1 September 2020

തിരുവനന്തപുരം വിമാനതാവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മുഖ്യമന്ത്രിയെ കേസിൽ പ്രതി ചേർക്കുന്നതിന് ഉതകുന്നതോ ‘സ്ഥാപനമെന്ന നിലയിൽ’ അദ്ദേഹത്തിന്റെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതോ ആയ തെളിവുകൾ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എൻ ഐ എ സംഘത്തില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മലയാളത്തിലെ ഒരു സ്വകാര്യ വാർത്താ ചാനലാണ് ഇത് റിപ്പോർട്ട് ചെയ്തത്.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു. സംസ്ഥാനത്തെ യുഎഇയുടെ കോൺസുലേറ്റ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുളള സ്ഥാപനങ്ങളിൽ ഇവർക്ക് കടന്നുകയറ്റം നടത്താന്‍ സാധിച്ചതായും എൻഐഎ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എസ് ശിവശങ്കറുമായും അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാൻ സ്വപ്ന സുരേഷിന് സാധിച്ചു. പക്ഷെ സ്വര്‍ണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിവാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് എന്‍ഐഎ പറയുന്നു.

ഒറ്റനോട്ടത്തില്‍ ഇതൊരു അഴിമതി കേസാണെന്ന് തോന്നാമെങ്കിലും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ഈ കേസെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അവസാന ഒന്നര വർഷ കാലയളവിനിടയിൽ 500 കോടി രൂപയുടെ സ്വർണം സ്വർണക്കടത്ത് സംഘം കടത്തിയിട്ടുണ്ടെന്നും ഇത്തരത്തില്‍ കടത്തപ്പെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് എൻഐഎ കേസ് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.