ചൈനീസ് കമ്പനികളുടെ കോടികളുടെ ഓൺലൈൻ ചൂതാട്ടം; 15 ഓളം കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

single-img
30 August 2020

ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള 15 ഓളം കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാജ്യത്തെ പ്രമുഖനഗരങ്ങളായ ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ തുടങ്ങിയ പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 46.96 കോടി രൂപ പിടിച്ചെടുത്തുവെന്ന് റിപ്പോർട്ട് . നിയമവിരുദ്ധമായി ഓൺലൈൻ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തിൽ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഓൺലൈൻ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. വെള്ളിയാഴ്ച നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

നാല് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 46.96 കോടി രൂപ മരവിപ്പിച്ചതായി ഇ‍ഡി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഓൺലൈൻ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷൻസ് തലവൻ യാഹ് ഹാവോ, കമ്പനിയുടെ ഇന്ത്യൻ ഡയറക്ടർമാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ, നീരജ് തുലി എന്നിവരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ഡൗൺ സമയത്താണ് കൂടുതൽ ഇടപാടുകളും നടന്നത്. ഹൈദരാബാദിൽനിന്നുള്ള രണ്ടുപേർക്ക് ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടിരുന്നു. ഒരാൾക്ക് 1.64 ലക്ഷവും മറ്റേയാൾക്ക് 97,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷന്‍ ഫ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് കൂടുതലും ഇടപാടുകൾ നടത്തിയിരുന്നത്.