എങ്കൾ മുതലമെെച്ചർ വിജയ്: വിജയിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തമിഴ്നാട്ടിൽ പോസ്റ്ററുകൾ വ്യാപകം

single-img
28 August 2020

നടൻ വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ തമിഴ്നാട്ടിൽ വ്യാപകം. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപാർട്ടി പോരുകൾ സജീവമായിരിക്കെയാണ് പുതിയ കാഴ്ചകൾ ഉയർന്നുവരുന്നത്. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. 

മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകൾ ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മെർസൽ സിനിമയിൽ കേന്ദ്ര സർക്കാരിൻ്റെ ജി.എസ്.ടി ഉൾപ്പെടെയുള്ള പല നയങ്ങളെയും ശക്തിയുക്തം എതിർത്തതോടെ വൻ വിവാദങ്ങളാണ് വിജയിനെ കാത്തിരുന്നത്. വിജയിന്റെ ഏറ്റവും കഴിഞ്ഞ ചിത്രമായ ബിഗിലിൻ്റെ റിലീസ് വേളയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നൽകിയിരുന്നു. 

മുമ്പ് പേരിൻ്റെയും ജാതിയുടെയും പേരിൽ വരെ വിജയ് ആക്രമിക്കപ്പെട്ടിരുന്നു. ഇനിയും റിലീസാകാനുള്ള മാസ്റ്റർ സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിന്റെ വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. ഇതൊക്കെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നേയുള്ള സൂചനകളായാണ് ആരാധകർ കരുതുന്നത്.