സെക്രട്ടേറിയേറ്റിലെ തീപിടുത്തം 1933 ൽ ജർമനിയിൽ പാർലമെൻ്റ് തീയിട്ടത് പോലെ: മുല്ലപ്പള്ളി

single-img
26 August 2020

സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടായ തീപിടുത്തം 1933 ൽ ജർമനിയിൽ പാർലമെൻ്റ് തീയിട്ടത് പോലെയാണ് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജർമ്മനിയിൽ നടന്നതിന് സമാനമാണ് പിണറായിയുടെ നടപടിയെന്നും ഗീബൽസിയൻ തന്ത്രമാണ് കോടിയേരി നടത്തുന്നത് എന്നും മുല്ലപ്പള്ളി ആരോപിച്ചു. അതുകൊണ്ടുതന്നെ സെക്രട്ടേറിയേറ്റിലെ തീപിടുത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ സ്വർണ്ണ കടത്തുകേസിൽ എൻഐഎക്ക് നൽകേണ്ട പല ഫയലുകളും കത്തിയെന്നാണ് വിവരമെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇതിൽ എൻഐഎ അന്വേഷണം ഇഴയുകയാണെന്നും, സ്വര്‍ണക്കടത്തില്‍ മുഴുവൻ വിവരങ്ങളും പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതേപോലെതന്നെ, ധീരനാണെന്ന് പറഞ്ഞ സംസ്ഥാന മുഖ്യമന്ത്രിക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണെന്നും നയതന്ത്ര ഫയലുകൾ സുരക്ഷിതമാണോ എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യം ഉയർത്തി. കഴിഞ്ഞ ദിവസം തീപിടുത്തം നടക്കുമ്പോൾ രണ്ട് സിപിഎം പ്രവർത്തകർ അവിടെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുല്ലപ്പള്ളി, ചീഫ് സെക്രട്ടറി മാധ്യമ പ്രവർത്തകരെ വരെ തള്ളി നീക്കിയെന്നും ആരോപണം ഉന്നയിച്ചു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധികം വൈകാതെ മറ്റൊരു ശിവശങ്കറായി മുഖ്യമന്ത്രിയുടെ കഴുത്തിലെ കുരുക്കാകുമെന്നും ചീഫ് സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും അറിവോടെയുള്ള ഒത്ത് കളിയോടെയാണ് തീപിടുത്തമെന്നും മുല്ലപ്പള്ളി ആരോപണം ഉയർത്തി.