സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുൻപ് ഞാൻ പറഞ്ഞിരുന്നതാണ്: മുരളി തുമ്മാരുകുടി

single-img
25 August 2020

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുകയും ഏതാനും ഫയലുകൾ നശിക്കുകയും ചെയ്ത സാഹചര്യത്തിൽ താൻ ഈ തീപിടിത്തത്തെ കുറിച്ച് ഒരു വർഷം മുൻപ് തന്നെ പ്രവചിച്ചതാണെന്ന്‌ ഫേസ്ബുക്ക് പോസ്റ്റുമായി യുഎന്നിന്റെ ദുരന്ത നിവാരണം വിഭാഗം മേധാവി ഡോക്ടർ മുരളീ തുമ്മാരുകുടി.

അദ്ദേഹം ഒരു വർഷം മുൻപ് എഴുതിയ കുറിപ്പ് ഇങ്ങിനെയാണ്‌:

“അപ്പോൾ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോൾ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധർ തലയിൽ കൈ വച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കും. മരത്തിന്റെ ഫ്ലോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും.

ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്”. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! “

(റബർ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

അതുകൊണ്ട് ഈ അഗ്നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകൾ ഒഴിവാക്കുക, കൂടുതൽ അഗ്നിശമന സംവിധാനം ഉണ്ടാക്കുക, ആളുകൾക്ക് പരിശീലനം നൽകുക, ആറുമാസത്തിൽ ഒരിക്കലെങ്കിലും മോക്ക് ഡ്രിൽ നടത്തുക. ഇല്ലെങ്കിൽ ഇതിലും വലിയ തീപിടുത്തവും ആൾ നാശവും ഒക്കെ നാം കാണും എന്നും അദ്ദേഹം പറയുന്നു.

സെക്രെട്ടെറിയേറ്റിൽ തീ പിടിക്കുമ്പോൾ സെക്രെട്ടെറിയേറ്റിൽ തീ പിടുത്തം ഉണ്ടായി എന്നും കുറച്ചു ഫയലുകൾ ഒക്കെ കത്തി നശിച്ചു…

Posted by Muralee Thummarukudy on Tuesday, August 25, 2020