മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് മുദ്രാവാക്യത്തെ പരിഹസിച്ച് സഞ്ജയ് റാവത്ത്

single-img
16 August 2020

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് മുദ്രാവാക്യത്തെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോവിഡിന് എതിരായ വാക്‌സിന്‍ കണ്ടുപിടിച്ചതിലൂടെ റഷ്യ സ്വയംപര്യാപ്തരാകുന്നതിനെ കുറിച്ചുള്ള ആദ്യ പാഠം ലോകത്തിന് മുന്നിൽ നല്‍കി. എന്നാല്‍ ഇന്ത്യ ആത്മനിര്‍ഭരതയെ കുറിച്ച് വെറുതെ പറഞ്ഞുകൊണ്ട് ഇരിക്കുന്നതേയുള്ളൂ എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളമായ രോഖ്‌ടോഖിലാണ് റാവത്തിന്റെ ഇത്തരത്തിലൊരു പ്രതികരണം.

കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതിന് റഷ്യയെ അഭിനന്ദിച്ചാണ് സഞ്ജയ് റാവത്തിന്റെ ഓരോ വാക്കും. സ്പുട്‌നിക് വി വാക്‌സിന് കണ്ടുപിടിച്ചതോടെ റഷ്യ സൂപ്പര്‍ പവര്‍ ആയി മാറിയരിക്കുന്നതിന്റെ സൂചനയാണെന്നും റാവത്ത് പറഞ്ഞു. ‘അമേരിക്കയുമായി പ്രണയത്തിലായതിനാല്‍’ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ചൊവ്വാഴ്ചയാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച കാര്യം പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചതായും പുടിന്‍ വെളിപ്പെടുത്തിയിരുന്നു. മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തള്ളി. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു

റഷ്യയുടെ വാക്‌സിന്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കാന്‍ ലോകമെമ്പാടും ശ്രമം നടക്കുമ്പോള്‍, വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മകള്‍ക്ക് നല്‍കാന്‍ പുടിന്‍ തയ്യാറായി. അതിലൂടെ രാജ്യത്ത് ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും റാവത്ത് പറഞ്ഞു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നൃത്യ ഗോപാല്‍ ദാസിന് ഹസ്തദാനം നല്‍കിയ മോദി, ക്വാറിന്റീനില്‍ പോകുമോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റാവത്ത് പറഞ്ഞു. ലോകത്തിന് ഭീക്ഷണിയായ കോവിഡിനെതിരെ വാക്സീൻ വികസിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിച്ചുവെന്ന റഷ്യയുടെ വാദം അംഗീകരിക്കുന്നതാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയും.