സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു: കെ സുരേന്ദ്രന്
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പബ്ലിക് റിലേഷന്‍ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. സംസ്ഥാനത്തില്‍ വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ മൗനം അത്ഭുതകരമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് എവിടെ എന്ത് നടന്നാലും പ്രതിഷേധം സംഘടിപ്പിക്കുന്ന ഈ സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമപ്രവർത്തകയെ ദേശാഭിമാനി ജീവനക്കാരൻ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.