രാമക്ഷേത്രം : അയോധ്യയിലെ ആഘോഷം കോവിഡ് മാനിക്കാതെയെന്ന് ആക്ഷേപം

single-img
5 August 2020

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം. കോവിഡ്‌ മഹാമാരി സൃഷ്ടിച്ച വലിയവിപത്ത് വകവയ്ക്കാതെ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജ ആഘോഷമാക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്നാണ് ആക്ഷേപം.

അയോധ്യയിൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനും 15 പൊലീസുകാർക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നുവെങ്കിലും  സംസ്ഥാനമന്ത്രി കമലറാണി വരുൺ കോവിഡിന് ഇരയായായിരുന്നിട്ട് കൂടി ചടങ്ങില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം .

ആഭ്യന്തരമന്ത്രാലയത്തിന്റെ കോവിഡ്‌ മാനദണ്ഡപ്രകാരം മതപരമായ സമ്മേളനങ്ങൾ പാടില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം 175 പേർ  ഭൂമിപൂജയില്‍ പങ്കെടുക്കും. ഇവരിൽ 135 പേർ പുരോഹിതരും മതനേതാക്കളുമാണ് . ക്ഷേത്രനിർമാണച്ചുമതല ട്രസ്റ്റിനെ ഏൽപ്പിക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌ എന്നാൽ  ട്രസ്റ്റ്‌ നിലവിലുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ മുന്നിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഇതേതുടർന്ന് ഇന്ന് ഉച്ചയ്ക്ക്  12.30ന് അയോധ്യയിൽ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും . ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ,‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌, മഹന്ത്‌ നൃത്യ ഗോപാൽദാസ്‌ എന്നിവരടക്കം 175 പേർ ചടങ്ങിൽ പങ്കെടുക്കും.

മൂന്ന്‌ വർഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന്‌ ശിൽപ്പി ചന്ദ്രകാന്ത്‌ സോംപുര വ്യക്തമാക്കുന്നുണ്ടെങ്കിലും  100 മുതൽ 120 ഏക്കറിലായി   പണികഴിപ്പിക്കുന്ന രാമക്ഷേത്രം 10 വർഷമെങ്കിലും വേണ്ടി വരും പൂർത്തിയാക്കാൻ എന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന തർക്കഭൂമിയായിരുന്ന 2.77 ഏക്കറിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോൾ ക്ഷേത്രം നിർമിക്കുന്നത്‌. വിവാദഭൂമി പുണ്യഭൂമി ആകുമെന്ന കണക്കുകൂട്ടലിലാണ് ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും .