നാണയം വിഴുങ്ങിയ ശേഷം കുഞ്ഞ് കഴിച്ചത് നാലു കുപ്പി മധുരപാനിയവും ഒരു പഴംപൊരിയും: ഫോറൻസിക് പരിശോധനാ ഫലം ദുരൂഹത നീക്കിയേക്കും

single-img
4 August 2020

നാണയം വിഴുങ്ങി മരണപ്പെട്ട കുഞ്ഞ് നാലു കുപ്പി മധുരപാനിയവും ഒരു പഴംപൊരിയുമല്ലാതെ മറ്റൊന്നും കഴിച്ചില്ലെന്ന് മാതാവ്. നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനുമായി ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിന് പഴവും വെള്ളവും നൽകാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്നു മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അമ്മ നന്ദിനി പൃഥ്വിരാജിന് നാല് കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ പഴം കിട്ടാതിരുന്നതിനാൽ പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കം ചെയ്താണ് കുഞ്ഞിന് നൽകിയതെന്നും മാതാവ് പറയുന്നു. 

നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ കുട്ടി മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. ഒരു രൂപയുടെയും 50 പൈസയുടെയും രണ്ട് നാണയങ്ങൾ പൃഥ്വിരാജ് വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ നാണയങ്ങൾ വൻകുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നതിനാൽ ഇതല്ല കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. 

ഇതിനു പിന്നാലെ മരണകാരണം കണ്ടെത്താനായി കുഞ്ഞിൻ്റെ ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു നൽകിയത്. കാക്കനാട് രാസ പരിശോധനാ ലാബിൽ നടക്കുന്ന പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ.

കുട്ടിയുടെ ദേഹത്തും മുറിവുകളോ പരുക്കുകളോ ഇല്ലെന്നുള്ളതും ദുരൂഹത വർദ്ധിപ്പിക്കുന്നു. നാണയം ശരീരത്തിനുള്ളിലൂടെ കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മൂന്ന് സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും കുഞ്ഞ് മരിച്ചത് വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.