കൊവിഡില്‍ നിന്നും വിമുക്തി; അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

single-img
2 August 2020

നടന്‍ അമിതാബ് ബച്ചൻ കൊവിഡ് ഭേദമായതിനെ തുടർന്നു തുടര്‍ന്ന് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് തന്റെ പിതാവിന് കൊവിഡ് നെഗറ്റീവ് ആയത് സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചത്.പക്ഷെ താന്‍ ഇപ്പോഴും കൊവിഡ് പോസിറ്റീവ് ആയി തുടരുകയാണെന്നും അഭിഷേക് ട്വിറ്ററില്‍ എഴുതി.

“എന്റെ പ്രിയപ്പെട്ട പിതാവ് ഏറ്റവും പുതിയ കൊവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ എത്തി വിശ്രമിക്കുകയാണ്. അദ്ദേഹത്തിനായി നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി,’ – അഭിഷേക് എഴുതി.

കഴിഞ്ഞ മാസം 11 നാണ് അമിതാഭ് ബച്ചന് കൊവിഡ് പോസിറ്റീവായത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. തൊട്ടു പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തെയും അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിലായി ഐശ്വര്യ റായിയെയും മകളെയും കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ നേരത്തെ തന്നെ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.