ഭക്തര്‍ നേരില്‍ വരേണ്ടതില്ല; അയോധ്യയിലെ ഭൂമി പൂജാ ചടങ്ങ് ടിവിയില്‍ കണ്ടാല്‍ മതിയെന്ന് ക്ഷേത്ര ട്രസ്റ്റ്

single-img
29 July 2020

രാജ്യത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജാ ചടങ്ങിന് ഭക്തര്‍ നേരിട്ട് എത്തരുതെന്ന് അപേക്ഷിച്ച് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്.

ഭൂമി പൂജാ ഓരോരുത്തരോടും ചടങ്ങ് ടിവിയിൽ കാണാനാണ് ട്രസ്റ്റ് ആവശ്യപ്പെടുന്നത്. ഭൂമിപൂജ ടെലിവിഷനില്‍ കാണുകയും വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്‍റെ ഭാഗമാകണമെന്നും ഇത്തരത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഒന്നിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കി.

സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ വരും എന്നതിനാല്‍ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനാണ് ക്ഷേത്ര ട്രെസ്റ്റ് തന്നെ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയേക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ സൂചന നല്‍കി. അയോധ്യാ ഭൂമിപൂജ ചടങ്ങുകള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് തത്സമയം കാണിക്കുന്നതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.