പബ്ജിക്കും വിലക്കു വീഴുന്നു: ടിക് ടോക്കിനു പിറകേ പബ്ജി ഉൾപ്പെടെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

single-img
27 July 2020

ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ടെക് ഭീമന്‍മാരായ മെയ്തു, എല്‍.ബി.ഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങിയവയും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാരിൻ്റെ വാദം. 

ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വീഡിയോഗെയിം വികസിപ്പിച്ചത്. അതേസമയം ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇൻ്റർനെറ്റ് കമ്പനിയായ ടെന്‍സെൻ്റിൻ്റെ പിന്തുണയും പബ്ജിക്കുണ്ട്. 

സിലിയുടെ ഉടമസ്ഥത വഹിക്കുന്ന സ്മാർട്ട് ഫോൺ ഭീമൻമാരായ ഷവോമിയും റെസ്സോയുമാണ്. യുലൈക്കിന്റെ ഉടമസ്ഥാവകാശം ടിക് ടോക്ക് ഉടമ കൂടായായ ബൈറ്റ്ഡാന്‍സിനാണെന്നുള്ളതും ഗൗരവമുള്ള വിഷയമാണ്.