സ്വര്‍ണക്കടത്ത് : സംസ്ഥാന സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

single-img
23 July 2020

സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ തേടി എന്‍ഐഎ. ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് നല്‍കി. അന്വേഷണ ഭാഗമായി തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

അവസാന രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ കത്തില്‍ ആവശ്യപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായാണ് സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള
പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും.

അതുകൊണ്ടുതന്നെ ഈ വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറി. തങ്ങള്‍ ആവശ്യപ്പെടുന്ന തീയതികളിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. നിലവില്‍ എന്‍ഐഎ ഹൗസ് കീപ്പിംഗ് ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി ഹണിയില്‍ നിന്നും വിവരങ്ങള്‍ തേടി എന്നാണ് റിപ്പോര്‍ട്ട്.

വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെയാണ് ശിവശങ്കറിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത്.