കേരളത്തിലെ രോഗവ്യാപനം വർദ്ധിച്ചതിനെക്കുറിച്ച് ബിബിസി റിപ്പോർട്ട്

single-img
21 July 2020

ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിച്ച സമയം മുതൽ വൈറസിനെ നിയന്ത്രിച്ചുനിർത്തിയ കേരള മോഡൽ എന്ന് ലോക രാജ്യങ്ങൾ വാഴ്ത്തിയ കേരളത്തിൽ വളരെ പെട്ടെന്നാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. കോവിഡ്-19 എതിരെയുള്ള പോരാട്ടത്തിൽ ആഗോളതലത്തിൽ തന്നെ എടുത്തുപറയത്തക്ക പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ അവസ്ഥയിൽ നിന്നും ഇന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി നിന്ന കേരളം സമൂഹവ്യാപനം ഉണ്ടായെന്ന് അംഗീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി എങ്ങനെ മാറി എന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.

‘കേരളത്തില്‍ വൈറസിന്റെ വ്യാപനത്തിൽ ശരിക്കും ഒരു കുതിപ്പ് ഇപ്പോഴാണ് സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായിരുന്നു’ – വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധൻ ഡോ. ലാൽ സദാശിവൻ ബിബിസി ലേഖകനോടു പറഞ്ഞു.

കോവിഡ് വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതൽ കേസുകളുടെ എണ്ണം വർദ്ധിക്കുകയും തുടർന്ന് വലിയ ചർച്ചാവിഷയമാകുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചിൽ അരഡസൻ സംസ്ഥാനങ്ങളിൽ തെക്കൻ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധനകൾ, ഐസൊലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. പുതിയ ഒരു കേസു പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി.

110 ദിവസങ്ങളെടുത്താണ് കേരളം 1000 കോവിഡ് പോസിറ്റീവ് കേസുകളിലേക്ക് എത്തിയത് . പക്ഷെ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളും 43 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വീടുകളിലും ആശുപത്രികളിലും മറ്റു ക്വാറന്റീൻ സെന്ററുകളിലുമായി 1,70,000 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

പ്രവാസികളുടെ മടങ്ങിവരവാണ് കേരളത്തിലെ കോവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായി ബിബിസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചെത്തി. ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിൽ 7000-ലധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്.

ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്ക് തിരിച്ചെത്തിയെന്ന് ശശി തരൂർ എംപിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് പറയുന്നു. പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നു. രോഗികളായവർക്കൊപ്പം വിമാനത്തിൽ വരുന്നവർക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും ശശി തരൂർ പറയുന്നു. ഇത് ഒഴിവാക്കാനാവില്ലെന്നാണ് താൻ കരുതുന്നത്. കാരണം രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. അതാണ് കേരളത്തിലെ രോഗവ്യാപനത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയതെന്നും തരൂർ കൂട്ടിച്ചേർക്കുന്നു.

പ്രവാസികളുടെ ഈ വരവ് മേയ് ആദ്യം മുതൽ പ്രാദേശികമായ സമൂഹവ്യാപനത്തിനു കാരണമായി എന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽ പോലും രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821പോസിറ്റീവ് കേസുകളിൽ 640 ഉം സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം പോലും വ്യക്തമായിട്ടില്ല.

ലോക്ക്ഡൌൺ ഇളവുകളെ തുടർന്ന് കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

‘ഇളവ് നൽകിയപ്പോൾ ആളുകൾ ജോലിക്കു പോകാൻ തുടങ്ങിയതുകൊണ്ട് അശ്രദ്ധമൂലം കേസുകൾ വർധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’ – വൈറസ് പ്രതിരോധ നടപടികൾക്കു സർക്കാരിന് ഉപദേശം നൽകുന്ന വിദഗ്ധ സമിതി തലവൻ ഡോ. ബി. ഇക്ബാൽ ബിബിസിയോടു പറഞ്ഞു.

കേസുകൾ കുറഞ്ഞപ്പോൾ ദിവസേനയുള്ള പരിശോധന കുറച്ചുവെന്നാണ് സർക്കാരിന്റെ വിമർശകർ പറയുന്നത് എന്നാൽ ഈ നാളുകളിൽ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ മാസം ഇത് 663 ആയിരുന്നു. എന്നാൽ ഒരു ദശലക്ഷം പേരിൽ എത്ര പേർക്ക് ടെസ്റ്റുകൾ നടത്തുന്നു എന്ന കണക്കിൽ കേരളത്തിലെ പരിശോധനകൾ കുറവാണെന്നത് വ്യക്തമാണ്. കേസുകൾ വളരെയധികം വർധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പരിശോധന കുറവാണെന്നത് വസ്തുതയാണ്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയെക്കാള്‍ മുന്നിലാണ് കേരളമെന്ന് ബിബിസി പറയുന്നു.

‘കേരളത്തിലെ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട് പൂൾഡ്, റാപിഡ് ആന്റിജൻ, ആന്റിബോഡി തുടങ്ങിയ ടെസ്റ്റുകളാണ് നടത്തപ്പെടുന്നത്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും വേണ്ടത്ര പരിശോധനകൾ നടത്തിയിട്ടില്ല’ – എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.

മൊത്തത്തിൽ കേരളം മികച്ച സേവനമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം വച്ച് നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. കേരളത്തിലെ ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം ആണ് കേരളത്തിനുള്ളതെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. ഗ്രാമങ്ങളിൽ ഓക്സിജൻ സജ്ജീകരിച്ച കിടക്കകളുള്ള പ്രാഥമിക കോവിഡ് -19 ചികിത്സാ സർക്കാർ സജ്ജീകരിച്ചു വരികയാണ്.

കൊറോണ വ്യാപനത്തിന്റെ കർവ് നേരേയാക്കുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്.ഹോങ്കോങ് സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റായ ഗബ്രിയേൽ ല്യൂംഗ് പറയുന്നത്, “നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും വീണ്ടും പ്രയോഗിക്കുകയും വീണ്ടും നീക്കം ചെയ്യുകയും വീണ്ടും പ്രയോഗിക്കുകയും വേണം, ജനസംഖ്യയ്ക്ക് വൈറസിന് ആവശ്യമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടത്ര കാലം”.

വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ പ്രഫസർ ടി. ജേക്കബ് ജോൺ പറഞ്ഞ രസകരമായ ഒരു ഉപമ കൂടി പറഞ്ഞുകൊണ്ടാണ് ബിബിസിയുടെ റിപ്പോർട്ട് അവസാനിക്കുന്നത്. “കോവിഡിനെ നേരിടുക എന്നാൽ സ്പീഡ് കൂടിക്കൊണ്ടിരിക്കുന്ന ട്രെഡ് മില്ലിൽ ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ കൂടുതൽ വേഗത്തിൽ ഓടിക്കൊണ്ടേയിരിക്കണം. അത് നമ്മെ തളർത്തുന്ന കാര്യമാണ്. പക്ഷേ വേറേ വഴിയില്ല, ഇത് സഹനത്തിന്റെ പരീക്ഷണമാണ് “