കോവിഡ് മാനദണ്ഡങ്ങള്‍ക്കു പുല്ലുവില: തിരുവനന്തപുരത്ത് പോത്തീസിൻ്റെയും രാമചന്ദ്രന്റെയും ലെെസൻസുകൾ റദ്ദാക്കി

single-img
20 July 2020

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ്, രാമചന്ദ്രൻ എന്നിവയുടെ ലൈസന്‍സ് റദ്ദാക്കിയതായി തിരുവന്തപുരം നഗരസഭ അറിയിച്ചു.  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്ന് മേയര്‍ ശ്രീകുമാര്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ച് താമസിച്ചവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. 

തമിഴ്‌നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികളാണ് രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ ജോലിക്കെത്തിയത്. ക്വാറന്റീൻ പ്രോട്ടോക്കോൾ ലംഘിച്ച കുറ്റത്തിന് രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്നു ജോലിക്കു കയറിയ ജീവനക്കാർ രാത്രിയിൽ അവരുടെ ലഗേജുമായി ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് സമീപവാസികൾ ഇക്കാര്യം ശ്രദ്ധിച്ചത്. 

സമീപവാസികളുടെ പരാതിയുടെ പുറത്ത് രാമചന്ദ്രനെതിരെ പോലീസ് നടപടി ഉണ്ടാകുകയായിരുന്നു. ജീവനക്കാർ ക്വീറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ബോധ്യമായതോടെ സമീപത്തുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും തൊഴിലാളികൾ എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. 

ഇതോടെയാണ് മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് ബോധ്യമായത്. ക്വാറൻ്റെെൻ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ബോധ്യമായതോടെ ജീവനക്കാരെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടെക്‌സ്‌റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. ടെക്സ്റ്റെെൽസ് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്ന് പൊലീസ് അറിയിച്ചത്. 

അതേസമയം കരുംകുളം പഞ്ചായത്തില്‍ ഇന്നലെ 52 പേരെ പരിശോധിച്ചതില്‍ 22 പേര്‍ക്ക് കോവിഡ് സ്ഥീകരിച്ചു. ഇതില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഗര്‍ഭിണികള്‍ ഒഴികെ രോഗം സ്ഥിരീകരിച്ചവര്‍ കുട്ടികളും വയോധികരുമാണ്. ഇവരെ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ സെന്റര്‍ ഇന്നലെ ആരംഭിച്ചു. 

സമൂഹ വ്യാപനം നടന്ന പുല്ലുവിള ഉള്‍പ്പെടുന്ന കരുംകുളം പഞ്ചായത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ജനങ്ങള്‍ക്കിടയിൽ  പ്രതിഷേധം ഉയരുന്നുണ്ട്.  പരിശോധന നടത്തുമ്പോള്‍ നേര്‍ പകുതിയലധികം പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിവിശേഷമാണിവിടെ കണ്ടതെന്നും ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കണ്ടെത്തി മാറ്റി പാര്‍പ്പിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെ വ്യാപനം തടയണമെന്നാണ് ജനങ്ങൾചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ജനങ്ങൾക്കു പരാതിയുണ്ട്.