സംസ്ഥാനത്ത് നിലവിലുള്ളത് ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥ; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി

single-img
18 July 2020

സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നത് അതിതീവ്രമായ അവസ്ഥയാണെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവിടെ ഇപ്പോള്‍ ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് സംസ്ഥാനത്ത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. തുടര്‍ന്നും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് അപായമുണ്ടാകുമെന്നും മന്ത്രി സൂചന നല്‍കി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്യവട്ടത്തെ ഈ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുപോലുള്ള സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും കഠിനപ്രയത്നത്തിലൂടെ കൊവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇനിയും എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. അങ്ങിനെ സംഭവിച്ചാല്‍ സെന്ററുകള്‍ തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരണം. ജനങ്ങള്‍ പരസ്പരം സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. വീണ്ടും സംസ്ഥാനത്ത് ക്ലസ്റ്ററുകള്‍ കൂടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.