സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല: ഇരുവരും ഇന്ന് എൻഐഎ കോടതിയിൽ

single-img
13 July 2020

സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് കോവിഡ് ഇല്ലെന്നു റിപ്പോർട്ടുകൾ. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

ഇരുവരെയും ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും.  പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും  എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാർ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പരിശോധനാഫലം ലഭിച്ചശേഷം പ്രതികളെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. 

സ്വപ്നയെയും സന്ദീപിനെയും തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. കടത്തിയ സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ വ്യക്തമാക്കി. എൻഐഎയുടെ ആവശ്യത്തിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.