ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ നിശാപാർട്ടി; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി പിടിയില്‍

single-img
8 July 2020

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി നിശാപാർട്ടി നടത്തിയ സംഭവത്തിൽ ഇന്ന്കോൺ​ഗ്രസിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സേനാപതി സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റും കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് പിടിയിലായത്.

ഇതോടുകൂടി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. സംഭവത്തില്‍ 47 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിശാപാർട്ടി നടത്തിയ സംഭവത്തിൽ മന്ത്രി എം എം മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം നിലയ്ക്കാനാണ്‌ സാധ്യതയും.

കഴിഞ്ഞ മാസം 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ചടങ്ങുമായി ബന്ധപ്പെട്ട് ഇവിടെ നിശാപാർട്ടി നടത്തിയത് വൻ വിവാദമായി മാറിയിരുന്നു. നിലവില്‍ നിശാപാർട്ടി നടത്തിയ റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുണ്ട്.. രാജാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ജംഗിൾ പാലസ് റിസോർട്ടിനാണ് ഇത്തരത്തില്‍ നിയമ ലംഘനത്തിന്റെ പേരില്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്.

മാത്രമല്ല, ലൈസൻസ് ഇല്ലാത്ത ക്രഷർ തുറന്നതിനെ തുടർന്ന് തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. സ്ഥാപന ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചു.