ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നിയമനവിവാദം: ബാറുടമ സ്ഥാനമുറപ്പിച്ചതിന് പിന്നിൽ തിരിമറികളുടെ ചരിത്രമെന്ന് ആരോപണം

single-img
26 June 2020

കേരള ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റായി തലസ്ഥാനത്തെ ബാറുടമയായ വി സുനിൽകുമാറിനെ നിയമിച്ചതിന് പിന്നിൽ പല അട്ടിമറികളും നടന്നിട്ടുണ്ടെന്ന് ആരോപണം. കേരള ഹോക്കിയുടെ പ്രസിഡന്റായി സുനിൽകുമാറിനെ തെരെഞ്ഞെടുത്തതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഹോക്കി അസോസിയേഷൻ ആയിരുന്ന ‘ഹോക്കി കേരള’ എന്ന സംഘടനയുടെ അഫിലിയേഷൻ ‘ഹോക്കി ഇന്ത്യ’ എടുത്തുകളഞ്ഞതിനെത്തുടർന്നാണ് 2014-ൽ “കേരള ഹോക്കി” എന്ന പുതിയ സംഘടന രൂപീകരിക്കപ്പെടുന്നതും അതിന് അഫിലിയേഷൻ ലഭിക്കുന്നതും. സുനിൽകുമാർ പ്രസിഡന്റായ അന്നത്തെ ഭരണസമിതി നടത്തിയ സാമ്പത്തിക തിരിമറികൾ കാരണമായിരുന്നു ഹോക്കി കേരളയ്ക്കെതിരെ ഹോക്കി ഇന്ത്യ നടപടിയെടുത്തത്. എന്നാൽ ഇതേ ഭരണസമിതിയുടെ അദ്ധ്യക്ഷനായിരുന്ന സുനിൽകുമാർ പുതിയ സംഘടനയുടെ തലപ്പത്ത് വീണ്ടും വന്നത് സംഘടനയുടെ മിനിട്സിന്റെയടക്കം വ്യാജരേഖ ചമച്ചിട്ടാണെന്നാണ് ആരോപണം.

2016-ൽ പാലക്കാട് നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ ബൈലോയിൽ മാറ്റം വരുത്തിയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും വി സുനിൽകുമാറിനെ സംസ്ഥാനസമിതിയിൽ നോമിനിയായി കൊണ്ടുവരുന്നത്. ഒരു ജില്ലയിൽ നിന്നുമുള്ള പ്രതിനിധികളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നാക്കി ഉയർത്തിക്കൊണ്ടായിരുന്നു ഭേദഗതി. എന്നാൽ ആ ജനറൽ ബോഡി യോഗത്തിൽ ഇത്തരമൊരു കാര്യം ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പറയുന്നു. 2016 മാർച്ച് മാസത്തിൽ കേരളാ ഹോക്കിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന ഫ്രാൻസിസ് കെ പോൾ രാജി വെച്ചിരുന്നു. അദ്ദേഹത്തിന് പകരം ആളെ തെരെഞ്ഞെടുക്കുക എന്നതായിരുന്നു ജനറൽ ബോഡി യോഗത്തിലെ സാധാരണ റിപ്പോർട്ട് അവതരണം പോലെയുള്ള കാര്യങ്ങൾക്ക് പുറമേ ഉണ്ടായിരുന്ന അജണ്ട. എന്നാൽ ഈ തെരെഞ്ഞെടുപ്പ് നടന്നില്ല. അതിനായി നവംബർ മാസത്തിൽ എറണാകുളത്ത് ജനറൽ ബോഡി യോഗം ചേരുന്നതിനായി തീരുമാനിച്ച ശേഷം യോഗം പിരിയുകയായിരുന്നു.

എന്നാൽ പിന്നീട് ഈ യോഗം നടക്കാത്തതിനാൽ കൊല്ലം, പത്തനംതിട്ട ജില്ലയിലെ പ്രതിനിധികൾ ചേർന്ന് എറണാകുളം സിജെഎം കോടതിയിൽ ഒരു ഹർജ്ജി ഫയൽ ചെയ്തു. തുടർന്ന് 2017 ജൂൺ മാസത്തിൽ എറണാകുളം ലോട്ടസ് ക്ലബ്ബിൽ വെച്ച് ഒരു ജനറൽ ബോഡി യോഗം ചേരുകയും ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് പ്രസിഡന്റിനെ തെരെഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തിൽ വെച്ച് അയ്യപ്പൻ എന്നയാൾ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതായി ചിലർ പ്രഖ്യാപിക്കുകയും അത് വാക്കുതർക്കത്തിന് കാരണമാകുകയും ചെയ്തുവെന്ന് പ്രതിനിധികളിലൊരാൾ ഇവാർത്തയോട് പറഞ്ഞു. അന്നുവരെയും പഴയ സംസ്ഥാന ഹോക്കി താരമായിരുന്ന അഫ്സർ അഹമ്മദ് ആയിരുന്നു സെക്രട്ടറി.

തിരുവനന്തപുരത്ത് തൈക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾക്ക് നോട്ടീസ് ലഭിച്ചത്. എന്നാൽ ഈ നോട്ടീസിൻ പ്രകാരം അവിടെയെത്തിയപ്പോൾ അവിടെ അങ്ങനെയൊരു സംഭവമില്ല എന്നാണറിയാൻ കഴിഞ്ഞതെന്ന് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രതിനിധിയായിരുന്ന ജെഫ്രി ഇവാർത്തയോട് പറഞ്ഞു.

ഇതേസമയം മറ്റൊരു സ്വകാര്യ ബാർ ഹോട്ടലിൽ വെച്ച് തങ്ങളെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി സുനിൽകുമാർ പക്ഷക്കാർ അനധികൃതമായി തെരെഞ്ഞെടുപ്പ് നടത്തിയെന്നാണ് അഫ്സർ അഹമ്മദും ജെഫ്രിയുമടക്കമുള്ള മറ്റു പ്രതിനിധികളുടെ ആരോപണം. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായിരുന്ന മറിയാമ്മ കോശിയായിരുന്നു തെരെഞ്ഞെടുപ്പിന്റെ നിരീക്ഷക.

അയ്യപ്പനെ സെക്രട്ടറിയായും അതുവരെ ചിത്രത്തിലില്ലാതിരുന്ന സുനിൽകുമാറിനെ പ്രസിഡന്റായും തെരെഞ്ഞെടുത്തതായുള്ള വാർത്ത പിറ്റേന്ന് പ്രസിദ്ധീകരിച്ചതോടെയാണ് മറ്റ് പ്രതിനിധികൾക്ക് അട്ടിമറി മനസിലായതെന്ന് ജെഫ്രി പറയുന്നു. ഭൂരിഭാഗം ജില്ലാ പ്രതിനിധികളും തെരെഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ചില ജില്ലകളിൽ നിന്നുള്ള ഒറ്റപ്പെട്ട പ്രതിനിധികളും (സുനിൽകുമാറിനെ അനുകൂലിക്കുന്നവർ) മാത്രമായിരുന്നു ഈ ബാർ ഹോട്ടലിൽ നടന്ന തെരെഞ്ഞെടുപ്പിനെത്തിയത്. മുൻപ് ഹോക്കി കേരള എന്ന സംഘടനയിലെ പ്രതിനിധികളായിരുന്നവരെ അതാത് ജില്ലകളിൽ നിന്നുള്ള കേരള ഹോക്കിയുടെ പ്രതിനിധികളായി ഹാജരാക്കി സ്പോർട്സ് കൌൺസിലിൽ നിന്നുള്ള നിരീക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ജെഫ്രി ആരോപിക്കുന്നു.

ഇതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് പാലക്കാട് നടന്ന ജനറൽ ബോഡി യോഗത്തിലെ മിനിട്സ് തിരുത്തിയ വിവരം പരാതിക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് സെക്രട്ടറിയായിരുന്ന അഫ്സർ അഹമ്മദ് യോഗത്തിനിടെ ഇറങ്ങിപ്പോയെന്നും പകരം അയ്യപ്പനെ ആക്ടിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുത്തെന്നും മിനിട്സിൽ കൂട്ടിച്ചേർത്തതായി ജെഫ്രി ആരോപിക്കുന്നു. ഇറങ്ങിപ്പോയ അഫ്സർ അഹമ്മദ് യോഗത്തിന്റെ അവസാനം നന്ദി പ്രകാശിപ്പിച്ചതായി എഴുതിയതാണ് ഇത് വ്യാജരേഖയാണെന്നതിന് തെളിവെന്നും ജെഫ്രി പറയുന്നു.

ഇത്തരത്തിൽ വ്യാജരേഖകൾ ചമച്ചും അട്ടിമറിക്ലിലൂടെയുമാണ് സുനിൽകുമാർ കേരള ഹോക്കി എന്ന സംഘടനയുടെ പ്രസിഡന്റായതെന്നാണ് അഫ്സർ അഹമ്മദ് ഉൾപ്പടെ നിരവധിപേരുടെ പരാതി. ഇതിനെതിരെ ഇവർ കേരള ഹൈക്കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. ഈ പരാതിയിന്മേൽ ഇവർക്കനുകൂലമായി വിധിയുണ്ടായാൽ സുനിൽകുമാറിന്റെ കേരള ഹോക്കി പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. കേരള ഹോക്കിയുടെ പ്രസിഡന്റ് എന്ന നിലയിലാണ് ഇദ്ദേഹത്തെ കേരള ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റാക്കിയിരിക്കുന്നത്. അതിനാൽ ആ സ്ഥാനവും കൂട്ടത്തിൽ നഷ്ടമാകും.

ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഒരു വ്യക്തിയ്ക്ക് നേരേ നിലവിലുള്ളപ്പോഴും അയാൾ തന്നെ കേരള ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് ഉചിതമല്ലെന്ന് പരാതിക്കാർ പറയുന്നു. വി സുനിൽകുമാറിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം അയാൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം.