പ്രകോപനം തുടർന്ന് നേപ്പാൾ: അതിർത്തിയിലെ ഡാമിൽ അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ഇന്ത്യയുടെ നീക്കം നേപ്പാൾ തടഞ്ഞു, ബിഹാർ വെള്ളപ്പൊക്ക ഭീഷണിയിൽ

single-img
23 June 2020

ചെെനയുടെ താളത്തിനൊത്ത് തള്ളുന്നവരാണ് നേപ്പാളെന്ന ആരോപണം ഉയരുന്നതിനിടെ അതിർത്തിയിൽ വീണ്ടും നേപ്പാളിൻ്റെ പ്രകോപനം. ഇന്ത്യൻ മേഖലകളെ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കിയതിന് പിന്നാലെ നേപ്പാൾ – ബിഹാർ അതിർത്തിയിലുള്ള ഗന്ദക് ഡാമിന്റെ അറ്റകുറ്റപ്പണികൾ തടഞ്ഞു മഴക്കാലം മുന്നിൽ കണ്ട് ഡാമിൽ ബിഹാർ സർക്കാർ നടത്തി വന്ന അറ്റകുറ്റപ്പണികളാണ് നേപ്പാൾ പൊലീസ് തടഞ്ഞത്. 

ഇതോടെ ബിഹാർ സംസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്. 700 കിലോമീറ്റർ അതിർത്തിയാണ് നേപ്പാളുമായി ബിഹാർ പങ്കുവയ്ക്കുന്നത്. ഇതിൽ നേപ്പാളിൽ ഉത്ഭവിച്ച് ബിഹാറിലൂടെ ഒഴുകുന്ന ലാൽ ബേക്കനി നദിയിലെ വെള്ളത്തിൽ പ്രവർത്തിക്കുന്ന ഗന്ദക് ഡാമും ഉൾപ്പെടുന്നു. എല്ലാ വർഷവും മഴക്കാലത്തിന് മുൻപ് ഇവിടെ ബിഹാർ അറ്റകുറ്റ പണികൾ നടത്താറുണ്ട്. 

ഇത്രയും കാലമായി നേപ്പാൾ തടസമുണ്ടാക്കിയിട്ടില്ല.ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കിയതിന് പിന്നാലെ കഴിഞ്ഞ 12ന് ബിഹാർ പൊലീസിന് നേരെ നേപ്പാൾ പൊലീസ് അതിർത്തിയിൽ നടത്തിയ വെടിവയ്പ്പിൽ ഒരു കർഷകൻ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

വാൽമീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതിൽ 19എണ്ണം നേപ്പാളിലാണ്. അവർ അവിടെ ബാരിയറുകൾ സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഇങ്ങനെയുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥർക്ക് അവിടെയെത്തി അറ്റകുറ്റപ്പണികൾ നടത്താൻ സാധിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിഹാർ ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് ഝാ വ്യക്തമാക്കി.