സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കി ഖത്തര്‍

single-img
21 June 2020

ഖത്തറില്‍ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിനുള്ള സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു. ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ ഇവയാണ്:

ആവശ്യമായ രോഗലക്ഷണങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍, ഓപ്പറേഷൻ വേണ്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വിദേശയാത്രകള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ എന്നിവരെയാണ് ടെസ്റ്റിനായി കൂടുതൽ പരിഗണിക്കേണ്ടത്. ഓരോ വ്യക്തികളുടെയും സ്രവങ്ങളെടുത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് അയക്കുകയാണ് വേണ്ടത്. അല്ലാതെ റാപ്പിഡ് ടെസ്റ്റിന് അനുമതിയില്ല

ഇത്തരത്തിലുള്ള ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും. അങ്ങിനെ ഈടാക്കുന്ന തുകയേക്കാള്‍ അമ്പത് റിയാലിൽ കൂടുതൽ രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കാന്‍ പാടുള്ളതല്ല.

ആശുപത്രികൾ ടെസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാനായി പ്രത്യേക റൂം സജ്ജീകരിക്കണം. ഇതിനായി താല്‍പ്പര്യമുള്ള ആശുപത്രികള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. ഇങ്ങിനെ ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ.