നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഈ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ: മേഘ്ന

single-img
18 June 2020

തികച്ചും അപ്രതീക്ഷിതമായാണ് തെലുങ്ക് താരം ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്. 39 വാസുമാത്രം ഉണ്ടായിരുന്ന ചിരഞ്ജീവിയുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വേര്‍പാട്. ഇപ്പോൾ നാലാം മാസം ഗര്‍ഭിണിയാണ് ഭാര്യ മേഘ്‌ന.

ചിരഞ്ജീവി യാത്രയായി രണ്ടാഴ്ച പിന്നിട്ടിരിക്കവേ പ്രിയതമനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം . സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലൂടെയുമായാണ് മേഘ്‌ന പ്രിയതമനെക്കുറിച്ച് എഴുതിയത്. “ഇതിനകം ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് ആരായിരുന്നു എന്നത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീ. എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചീരു നീ” – എന്ന് മേഘ്ന പറയുന്നു.

“നീ എപ്പോഴും എനിക്ക് ചുറ്റുമുണ്ട് ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ ഇതാ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. നിന്നെ ഒരിക്കൽ പോലും ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. അങ്ങിനെ വേദനിച്ച് വേദനിച്ച് പതിയെ ഒരായിരം തവണ ഞാൻ മരിക്കുന്നു. എന്നാൽ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു.

ഓരോ തവണയും ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീ എനിക്കായി നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്. നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ആ മധുരകരമായ അത്ഭുതത്തിന് എക്കാലവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.”- മേഘ്ന എഴുതി.