ഇന്ത്യയ്ക്കു മേൽ ചെെനയുടെ ലക്ഷ്യം വെറും അതിർത്തിയിലെ ഭൂമി മാത്രമല്ല: മഞ്ഞക്കടലിന് അപ്പുറത്തു നടക്കുന്നതു കൂടി മനസ്സിൽ വയ്ക്കണം

ഇന്ത്യ- ചെെന അതിർത്തിയിൽ ഉടലെടുത്തിരിക്കുന്നത് അസാധാരണ സാഹചര്യമാണ്. ചെെനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകുകയും ഇന്ത്യ പ്രതികരിക്കുകയുമായിരുന്നുവെന്നു വ്യക്തം. പതിറ്റാണ്ടുകളായി ചെറിയ രീതിയിൽ നടന്നു വന്നുകൊണ്ടിരുന്ന പ്രകോപനം എന്തുകൊണ്ട് ചെെന ഇപ്പോൾ ശക്തമാക്കി? സ്വന്തം പട്ടാളക്കാരുടെ ജീവൻ നൽകി ഇന്ത്യൻ പട്ടാളക്കാരുടെ ജീവനെടുക്കുന്ന രീതിയിലേക്ക് അതു മാറി? ഉത്തരം ഒന്നേയുള്ളൂ. പരമാധികാരം. അതേ ഏഷ്യാ വൻകരയിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ചെെന നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിന് എന്നും ഭീഷണിയായ ഇന്ത്യയെ ഭയപ്പെടുത്തി വരിഞ്ഞുകെട്ടുകയെന്ന ആദ്യ ലക്ഷ്യം ഫലം കണ്ടാൽ മറ്റെല്ലാം സ്വാഭാവികമായും നടക്കുമെന്നവർക്കറിയാം. അതുതന്നെയാണ് ഈ പ്രകോപനത്തിൻ്റെയും അതുവഴിയുള്ള സംഘർഷങ്ങളിലൂടെയും ചെെന ഉദ്ദേശിക്കുന്നതും. 

1962 ലെ ഇന്ത്യ- ചെെന യുദ്ധസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ സൈനിക സന്നാഹങ്ങളാണ് ചൈന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നുകഴിഞ്ഞു. അതേസമയം ഇന്ത്യയുടെ ഉള്ളിലേക്ക് എത്രത്തോളം ചൈനീസ് സൈന്യം കടന്നു കയറി എന്ന് ഇപ്പോഴും ആരും വ്യക്തമായി പറയുന്നില്ല. 40 – 60 കിലോമീറ്റർ വരെ കടന്നുകയറി എന്നു മാത്രമാണ് പുറത്തു വരുന്ന ചില വാർത്തകൾ. ഇന്ത്യയെ സംബന്ധിച്ച് ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് വരുത്തി വയ്ക്കുന്നതും. 

ഇതിനിടയിൽ നടക്കുന്ന മറ്റൊരു പ്രധാന വസ്തുതയും കൂടി ശ്രദ്ധിക്കണം. ചൈന ഇങ്ങനെ കയറിയതിനു പിന്നാലെയാണ് നേപ്പാൾ ഭരണകൂടം ഇന്ത്യയ്ക്കെതിരായി നീങ്ങാൻ തീരുമാനിച്ചത്. ചൈനയുടെ പിന്തുണയില്ലാതെ നേപ്പാൾ ഇതു ചെയ്യുമെന്നു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ഇന്ത്യയുടെ സഹായം ഇരുകെെയും നീട്ടി സ്വീകരിച്ചിട്ടുള്ള നേപ്പാൾ ഇന്ത്യയെ വെല്ലുവിളിക്കണമെങ്കിൽ അവർക്കു പിന്നിൽ ഇന്ത്യയ്ക്ക് ഒപ്പമോ ഇന്ത്യയേക്കാൾ വലുതോ ആയ ഒരു ശക്തികാണുമെന്നുള്ള കാര്യം ഉറപ്പാണ്. അതേ… അതു ചെെന തന്നെയാണ്. ചെെനയുടെ പിന്തുണയോടു കൂടി മാത്രമേ നേപ്പാൾ ഇന്തയ്ക്ക് എതിരെ പ്രവർ്തിക്കുകയുള്ളുവെന്നു തന്നെയാണ് നയതന്ത്ര നിരീക്ഷകർ കരുതുന്നത്. 

അതുകൊണ്ടും തീർന്നില്ല. പാകിസ്താൻ ഭീകരർ കശ്മീരിൽ നടത്തുന്ന ആക്രമണങ്ങൾ കൂടി നോക്കണം. ഈ ആക്രമണങ്ങൾ കൂടി  കണക്കിലെടുക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ മൂന്നു തലങ്ങളിലുള്ള നീക്കങ്ങളാണ് ചെെനയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നുള്ളത് പകൽ പോലെ വ്യക്തം. 2014 ൽ ചുമാറിലും 2018 ൽ ദോക‍് ലായിലും ഉണ്ടായ ചൈനീസ് കടന്നുകയറ്റങ്ങൾ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചായിരുന്നു. അവ നേരിടാൻ ഇന്ത്യക്ക് എളുപ്പവുമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. സമുദ്രാതിർത്തി ഒഴിച്ച് മറ്റിടങ്ങളിലൂടെ ചെെന സ്വന്തം ശക്തി ഉപയോഗിച്ചും മറ്റുള്ളവരെക്കൊണ്ടും ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയെന്നവകാശപ്പെടുന്ന ചൈന നിലവിൽ അഞ്ചു രാജ്യങ്ങളുമായി തർക്കങ്ങളിലും ഏറ്റുമുട്ടലിലുമാണ്– ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം , ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവരുമായാണ് ചെെന ഏറ്റുമുട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്നത്. ഹോങ്കോങ്ങിൽ നടക്കുന്ന ചൈനീസ് വിരുദ്ധ കലാപങ്ങളെ അടിച്ചമർത്തുവാനുള്ള ചെെനയുടെ നീക്കങ്ങളും കുപ്രസിദ്ധമാണ്. ഇതെല്ലാം കൂട്ടിച്ചേർത്തു വായിച്ചാൽ ഏതൊരു കൊച്ചുകുട്ടിക്കും കാര്യങ്ങൾ പച്ചവെള്ളംപോലെ മനസ്സിലാകുകയും ചെയ്യും. 

ഇതിനിടയിൽ സമാനമായ മറ്റൊന്നു കൂടി അകലെ സംഭവിക്കുന്നുണ്ട്. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം ആടിയുലയുകയാണ്. ഒരർത്ഥത്തിൽ രണ്ടു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുമോ എന്ന ആശങ്ക ലോകരാജ്യത്ത് പടർന്നു കഴിഞ്ഞു. കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനായി 2018ൽ കേയ്‌സോങില്‍ ആരംഭിച്ച സംയുക്ത ഓഫീസ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ബോംബിട്ട് തകർത്തിരുന്നു. 2018-ല്‍ സ്ഥാപിച്ച സംയുക്ത ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും 2019-ല്‍ തന്നെ ഉത്തര കൊറിയ ഭാഗികമായി പിന്മാറിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. ഒരു വർഷം മുമ്പ് ദക്ഷിണ കൊറിയയുമായി അനുരഞ്ജന നീക്കം നടത്തിയിരുന്ന ഉത്തരകൊറിയ ആ നീക്കങ്ങളിൽ നിന്നും പിന്നോട്ടു പോയത് ലോകരാജ്യങ്ങളിൽ ഞെട്ടലുണ്ടാക്കിക്കഴിഞ്ഞു. ചെെനയുടെ പിന്തുണയിലാണ് ഉത്തരകൊറിയയുടെ നീക്കങ്ങളെന്ന് ഊഹങ്ങൾ ഉയർന്നു കഴിഞ്ഞു. ചെെനയുമായി ഉറ്റബന്ധം പുലർത്തുന്ന ഉത്തരകൊറിയയെ ദക്ഷിണ കൊറിയയ്കും ജപ്പാനുമെതിരെ ഉപയോഗിക്കുവാൻ ചെെന ശ്രമിക്കുവെന്നുള്ളതാണ് നയതന്ത്ര നിരീക്ഷകർ കണക്കുകൂട്ടുന്നത്. 

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാന  ശക്തിയായ ഇന്ത്യയ്ക്ക് എതിരെയുള്ള നീക്കങ്ങൾ വെറും അതിർത്തി തർക്കമാക്കി തീർക്കുകയാണ് ചെെനയുടെ ലക്ഷ്യം. ഇന്ത്യയുടെ സഖ്യരാജ്യങ്ങളുടെ ഇടപെടൽ കുറയ്ക്കുവാൻ ഇയൊരു നീക്കത്തിനു കഴിയും. ഇന്ത്യയെ മെരുക്കി ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറുക. അതുവഴി ലോകത്തിൻ്റെ നിയന്ത്രണം കെെപ്പിയിലൊതുക്കുക. രണ്ടാം ലോക മഹായുദ്ധാനന്തരം അമേരിക്ക വൻ ശക്തിയായി ഉയർന്നു വന്ന രീതിയിൽ ഈ കോവിഡാനന്തര ലോകത്ത് ചെെന  ലക്ഷ്യമിടുന്നത് അതാണ്. കോവിഡ് മഹാമാരി താണ്ഡവമാടിയ അമേരിക്ക നിലവിൽ സാ്പത്തികമായി തകർന്നും സാമൂഹ്യ അരക്ഷിതാവസ്ഥ പിടികൂടിയ നിലയിലുമാണ്. ഈ അവസരമാണ് ചെെന ഉപയോഗപ്പെടുത്തുന്നതും. 

ഈ അസാധാരണ സാഹചര്യത്തിൽ ഏവരും ഉറ്റു നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നീക്കങ്ങളെയാണ്. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചകൾ സൈനിക തലത്തിൽ നിന്നും നയതന്ത്ര തലത്തിലേക്കും രാഷ്ട്രീയ തലത്തിലേക്കും മാറുകയാണ്. ഇവിടെയാണ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. 

കുറച്ചു നാളുകളായി ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചൊരു  നേതാവാണ് മോദി. എന്നാൽ മുൻപ് പലപ്പോഴും ഇന്ത്യയ്ക്ക് അനുഭവപ്പെട്ടതു പോലെ ചൈനയെ വിശ്വസിക്കാൻ കൊള്ളാവുന്ന അയൽക്കാരായി കരുതാനാവില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ചൈന ഇതിനു മുൻപു നടത്തിയ അതിർത്തി കയ്യേറ്റങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ലഡാക്കിലേക്ക് സൈന്യത്തെ നീക്കിയത് വൻ സന്നാഹങ്ങളോടെ വ്യക്തമായ ലക്ഷ്യം മുൻനിർത്തി തന്നെയാണ്.