ഡിവെെഎഫ്ഐ പ്രവർത്തകർ ഷട്ടിൽ കളിക്കുന്ന ഗ്രൗണ്ടിൽ ആർഎസ്എസുകാർ ശാഖയെടുക്കാനെത്തി: ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ കാർ ഡിവെെഎഫ്ഐ അടിച്ചു തകർത്തു

കളിസ്ഥലത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ സംഘർഷം. ആർ. എസ്. എസ് – ഡി വൈ എഫ് ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് പന്തപ്ലാവിക്കോണത്ത് സംഭവം.കളിസ്ഥലത്തിൽ ശാഖ നടത്തുവാനെത്തിയ ആർഎസ്എസ് പ്രവർത്തകരെ ഡിവെെഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണം. 

ലോക്ക് ഡൗണായതിനാൽ ആർ എസ് എസ് ശാഖ നിർത്തിയ ഗ്രൗണ്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഷട്ടിൽ കളിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകർ ശാഖയെടുക്കാനെത്തിയപ്പോൾ ഇവരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റം ഒടുവിൽ  സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു . 

ഇതിനു തുടർച്ചയെന്നോണം വെഞ്ഞാറമൂട് നെല്ലനാട് ആര്‍ എസ് എസ് മണ്ഡല്‍ കാര്യവഹ് വിപിന്‍ ദേവ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ശശി, കിരണ്‍ ലാല്‍ എന്നിവര്‍ സഞ്ചരിച്ച കാറിനു നേരെ ഡിവെെഎഫ്ഐ അക്രമമുണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഡി വൈ എഫ് വൈ പ്രവര്‍ത്തകര്‍ അടിച്ചു തകർക്കുകയായിരുന്നു. 

പന്തപ്ലാവക്കോണത്ത് ആർ.എസ്.എസ് – ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് എടുത്തെങ്കിലും വൈകുന്നേരം സ്റ്റേഷനിൽ എത്തണമെന്ന് ഉപാധിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് വരവേ ആണ് ആക്രമണമുണ്ടായത്. 

കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു.സംഭവത്തിൽ പ്രതിഷേധിച്ചു ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.