ഭാര്യയും മക്കളും ആദ്യം ഹൃദയസ്തംഭനമെന്നു പറഞ്ഞു, അടക്കിയ ശേഷം ആത്മഹത്യയാണെന്നു പറയുന്നു: മരിച്ച് മൂന്നുമാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്ന പൊഴിയൂർ കേസിൽ സംശയങ്ങൾ അനവധി

single-img
13 June 2020

കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതക വാർത്തകൾ കേരളീയസമൂഹം മറന്നു തുടങ്ങുന്നതിനുമുമ്പ് മറ്റൊരു മരണം കൂടി സംശയങ്ങളുടെ കൂട്ടത്തിലേക്ക് എത്തുകയാണ്. മരണത്തിൽ സംശയം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തിരുവനന്തപുരം പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയിൽ നിന്നെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തുന്നത്. ഉത്രയുടെ മരണത്തിൽ സംശയം ആരോപിച്ച് രംഗത്തെത്തിയത് അച്ഛനും സഹോദരുമായിരുന്നെങ്കിൽ ജോണിൻ്റെ മരണത്തിൽ സംശയം ഉന്നയിച്ചെത്തിയത് അച്ഛനും സഹോദരിയുമാണ്. 

കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് ജോൺ മരിക്കുന്നത്. ജോണിൻ്റെ മരണത്തിനു പിന്നാലെ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു പറഞ്ഞതിനാൽ ആരും സംശയം ഉന്നയിച്ചതുമില്ല. എന്നാൽ ജോൺ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായാണ് ജോണിൻ്റെ സഹോദരി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 

ജോൺ മരിച്ചതിനു പിറകേ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയിരുന്നുവെന്ന് ജോണിൻ്റെ അച്ഛനും സഹോദരിയും അഭിപ്രായപ്പെട്ടതോടെ ഈ മരണം സംശയങ്ങളുടെ പട്ടികയിലുൾപ്പെടുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന്നു പറഞ്ഞ് പരാതി നൽകിയതിനു പിന്നാലെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോണിൻ്റെ ഭാര്യയും മക്കളും വല്ലാതെ നിർബന്ധിച്ചുവെന്നും സഹോദരി ലീൻമേരി ചൂണ്ടിക്കാട്ടുന്നു. 

മൃതദേഹം അടക്കം കഴിഞ്ഞ ശേഷമാണ് സംശയാസ്പദമായ മറ്റൊരു കാര്യം കൂടി നടക്കുന്നത്. കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അടക്കത്തിനു പിന്നാലെ ഭാര്യയും മക്കളും പൊലീസിന് മൊഴി നൽകിയത്. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കില്ല എന്നുള്ളതിനാലാണ് ഹൃദയസ്തംഭനം വന്നാണ് ജോൺ മരിക്കാൻ കാരണമെന്ന് ആദ്യം പറഞ്ഞതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. 

ഇതോടെയാണ് മരണത്തിൽ പൊലീസിനും ബന്ധുക്കൾക്കും സംശയം ഉടലെടുത്തതും മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയതും. ജോണിന്‍റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസും വ്യക്തമാക്കിക്കഴിഞ്ഞു. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്‍മോർട്ടം നടത്തി മാത്രമേ സംസ്കരിക്കുമായിരുന്നുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഉത്രയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതിനു പിന്നാലെയുള്ള ഈ സംഭവവും വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഫോറൻസിക് പരിശോധനയിലൂടെ സത്യം കണ്ടെത്താനാകുമെന്നാണ് ജോണിൻ്റെ വീട്ടുകരും നാട്ടുകാരും കരുതുന്നത്.